ആലപ്പുഴയിലെ പാതിരാമണലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് രക്ഷപ്പെട്ട യാത്രക്കാര്‍.

”അടുക്കള ഭാഗത്ത് നിന്നുമുയര്‍ന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തില്‍ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങള്‍. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂര്‍ണമായും അഗ്നി വിഴുങ്ങുമ്പോള്‍ പ്രാണന്‍ ചേര്‍ത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവന്‍ എന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ, എയര്‍ ട്യൂബുകളോ ബോട്ടില്‍ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാര്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണല്‍ ദ്വീപിന് 200 മീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഓഷ്യാനസ് എന്ന ബോട്ടില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തീപടര്‍ന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനില്‍ സജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.