ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. യുകെയിലെ കലാരംഗത്ത് പ്രസിദ്ധനായ പ്രമുഖ നാടക നടനും സംവിധായകനുമായ ബോഡ്വിന്‍ സൈമണും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകനായും തിരകഥാകൃത്തായും നല്ലൊരു അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദിനുമാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍. 2018 ഏപ്രില്‍ 7ന് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ‘വര്‍ണ്ണാനിലാവ് 2018’ എന്ന നൃത്ത സംഗീത സന്ധ്യയോടനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഇംഗ്‌ളണ്ടിലെ നാടകപ്രേമികള്‍ക്ക് വളരെ സുപരിചിതനാണ് ബാബു എന്നറിയപ്പെടുന്ന ബോഡ്വിന്‍ സൈമണ്‍. കൊല്ലം ജില്ലയില്‍ മയ്യനാടിനടുത്ത് പുല്ലിച്ചിറ സ്വദേശിയാണ് ഇദ്ദേഹം. നാലാം വയസില്‍ നാടകം അഭിനയിച്ചു തുടങ്ങിയ ബാബു സ്‌കൂള്‍-കോളേജ് വിദ്യാഭാസ കാലഘട്ടത്തില്‍ നാടകരംഗത്ത് സജീവമായിരുന്നു. പ്രസിദ്ധ നാടക ട്രൂപ്പായ കൊല്ലം ട്യൂണയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം ലണ്ടന്‍ യാത്രക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നത് ഇന്നും നീറുന്ന വേദനയായി മനസില്‍ നില്‍ക്കുന്നുവെന്ന് ബാബു പറയുന്നു. കേരളത്തിന്റെ നഷ്ടം യുകെയിലെ മലയാള നാടകരംഗത്തിന് ലഭിച്ച വലിയൊരു സമ്മാനം ആയിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. നിരവധി ചെറിയ നാടകങ്ങളില്‍ വേഷമിട്ട ബാബു പിന്നീട് മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടകവിഭാഗമായി ദൃശ്യകല ആരംഭിച്ചതോടെ അതിന്റെ അവിഭാജ്യ ഘടകമായി മാറി. യുകെയിലെ നാടകരംഗത്തെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിട്ട ദൃശ്യകലയുടെ ആദ്യകാല നാടകങ്ങളില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തതും ബാബു ആയിരുന്നു. യുകെയിലെ വിവിധ സംഘടനകള്‍ നടത്തിയ നാടക മത്സരങ്ങളില്‍ നല്ല നടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ നിരവധി തവണ ലഭിച്ചിട്ടുള്ള ബാബു എന്ന ബോഡ്വിന്‍ സൈമണ്‍ ഇന്നും നാടകരംഗത്ത് സജീവമാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ലീഷ് എന്ന സിനിമയില്‍ പ്രമുഖമായ വേഷവും ബാബു ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുബം. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസം.

സാഹിത്യവേദിയുടെ പുരസ്‌കാരത്തിന് അര്‍ഹനായ ഷാഫി ഷംസുദിനും കൊല്ലം സ്വദേശിയാണ്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ ക്വാളിറ്റി ഇപ്രൂവ്‌മെന്റ് അഡൈ്വസര്‍ ആയി ജോലി ചെയ്യുന്നു. തന്റെ നഴ്‌സിംഗ് വിദ്യാഭാസ കാലത്ത് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു. യുകെയിലെത്തിയ ഷാഫി 2008 ല്‍ സമ്മര്‍ ഇന്‍ ബ്രിട്ടന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. 2014ല്‍ പുറത്തിറങ്ങിയ ഓര്‍മകളില്‍ സെലിന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനും തിരക്കഥാകൃത്തും ഷാഫിയായിരുന്നു. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ 2016 ല്‍ നിര്‍മിച്ച untill4 എന്ന ഷോര്‍ട് ഫിലിമിന്റെയും സംവിധായകനും തിരക്കഥാകൃത്തും ഷാഫി ആയിരുന്നു. ഉടന്‍ പുറത്തിറങ്ങുന്ന രഹസ്യം എന്ന ഷോര്‍ട് ഫിലിമിന്റെ മുഖ്യ അഭിനേതാവായും സംവിധായകനായും വരുന്ന ഷാഫി ലണ്ടനില്‍ താമസിക്കുന്നു. സമ്മര്‍ ഇന്‍ ബ്രിട്ടന് ഏകദേശം ഒരു ലക്ഷം വ്യൂവേഴ്സും ഓര്‍മകളില്‍ സെലിന് ഏകദേശം നാല് ലക്ഷത്തോളം വ്യൂവേഴ്സും  untill 4 നു 40,000 ത്തോളം വ്യൂവേഴ്സുമുണ്ട്.

പുരസ്‌കാര ജേതാക്കളെ ലണ്ടന്‍ മലയാള സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദനം അറിയിച്ചു