വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതാനായി കടുത്ത നടപടികള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് തെരേസ മെയ് സര്‍ക്കാര്‍. യുകെയില്‍ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഡ്രിങ്കിംഗ് സ്‌ട്രോ, സ്റ്റിറേഴ്‌സ്, കോട്ടണ്‍ ബഡ്‌സ് എന്നിവ പൂര്‍ണമായും നിരോധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ആധുനിക കാലഘട്ടത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവ പൂര്‍ണമായും സംസ്‌ക്കരിക്കാനുള്ള മാര്‍ഗങ്ങള്‍ നിലവിലില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയെന്നതാണ് മാത്രമാണ് മാലിന്യങ്ങള്‍ നിരക്ക് കുറയ്ക്കാനുള്ള ഏക പോംവഴി.

 

സമുദ്രനിരപ്പില്‍ തള്ളുന്ന പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളുടെ നിരക്കില്‍ സമീപ കാലത്ത് വന്ഡ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അപൂര്‍വ്വം മത്സ്യങ്ങള്‍ നാശം സംഭവിക്കുന്നതിനും ഇത് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 8.5 ബില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകളാണ് ഒരോ വര്‍ഷവും യുകെയില്‍ മാത്രം സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിയന്ത്രിക്കുന്ന സംബന്ധിച്ച ബ്രിട്ടന്റെ നിലപാട് ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എന്‍വിയോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി 61.4 മില്യണ്‍ പൗണ്ടിന്റെ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും എന്‍വിയോണ്‍മെന്റ് സെക്രട്ടറി പറഞ്ഞു.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരോട് ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് മാധ്യമങ്ങളോട് പറഞ്ഞു. നശിപ്പിക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 150 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തള്ളിയിട്ടുണ്ടെന്നാണ് ഒരു പഠനം പറയുന്നത്. വര്‍ഷത്തില്‍ മില്യണിലധികം ജീവജാലങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് മൂലം മരണപ്പെടുന്നത്. ഹോട്ടലുകളില്‍ നിന്നും ഇതര ഭക്ഷണശാലകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്ലാസിറ്റിക് മാലിന്യങ്ങള്‍ ഉണ്ടാവുന്നത് ഇവ നിരോധിക്കുന്നത് വഴി മാത്രമാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുക.