തൃശൂര്‍∙ ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രാസാദിന്റെ കൈയിൽ നിന്ന് ഒർജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഏഴു വർഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്.
വിഷ്ണുപ്രസാദിന് ഇപ്പോൾ കരഞ്ഞുകൊണ്ട് ഒന്നേ പറയുന്നൂള്ളൂ. ആ ബാഗിലെ ഫോണും വസ്ത്രങ്ങളും കള്ളന്‍ എടുത്തോട്ടേ. ഇരുപതു വര്‍ഷത്തോളം പഠിച്ചുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വേണം. വീടിന്‍റെ പ്രതീക്ഷയായിരുന്നു വിഷ്ണുവിന് കിട്ടിയ ജോലി. പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ നിയമനം. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. അതിനുള്ള യാത്രയിലാണ് എല്ലാം നഷ്ടപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു വിഷ്ണു. അല്‍പം മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മടിയിലിരുന്ന ബാഗ് കാണാനില്ല. ഉടനെ, തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്റ്റേഷന്‍ പരിസരം നന്നായി തിരയാനായിരുന്നു പൊലീസിന്‍റെ നിര്‍ദ്ദേശം. രാവുംപകലും തിരഞ്ഞെങ്കിലും ബാഗ് കിട്ടിയില്ല.

പാസ്പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം നഷ്ടപ്പെട്ടു. ഹോട്ടല്‍ മാനേജ്മെന്റാണ് യോഗ്യത. വിവിധ ആഡംബര ഹോട്ടലുകളില്‍ ജോലി ചെയ്തതിന്‍റെ പരിശീലന സര്‍ട്ടിഫിക്കറ്റുകളും പോയി. ബാഗ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ടു പോകില്ലെന്നാണ് വിഷ്ണു പറയുന്നു.
കാത്തിരിപ്പുമുറിയില്‍ വിഷ്ണു ഇരുന്നിരുന്ന ഭാഗത്ത് സിസിടിവിയില്ല. ആരാണ് ബാഗ് തട്ടിയെടുത്തതെന്നും അറിയുകയുമില്ല. റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പക്ഷേ, ബാഗ് കണ്ടെത്താനായില്ല. സര്‍ട്ടിഫിക്കറ്റുകളുടേയും പാസ്പോര്‍ട്ടിന്‍റേയും ഒറിജിനലുകള്‍ സംഘടിപ്പിക്കാന്‍ നാളേറെയെടുക്കും. അപ്പോഴേക്കും ഏറെ കാത്തിരിപ്പിനു ശേഷം കിട്ടിയ ജര്‍മന്‍ കപ്പലിലെ ജോലി പോകും. ജ്യേഷ്ഠനും അനിയനും അടങ്ങുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു വിഷ്ണു. പ്രതിമാസം 85,000 രൂപ ശമ്പളമുള്ള ജോലി വിഷ്ണുവിന്‍റെ കുടുംബത്തിന് ഏറെ ആശ്വാസമാകുമായിരുന്നു. ഇവരുടെ കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും കള്ളന്‍ തട്ടിയെടുത്ത ആ ബാഗിലായിരുന്നു. ഫോണും വസ്ത്രങ്ങളുമെടുത്ത ശേഷം ആ ബാഗ് തിരിച്ചു തരാമോയെന്ന് യാചിക്കുകയാണ് വിഷ്ണു.

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ ട്രെയിന്‍ യാത്രക്കാര്‍ തൃശൂര്‍ റയില്‍വേ പൊലീസിനെ അറിയിക്കണമെന്നാണ് വിഷ്ണുവിന്‍റെ അഭ്യര്‍ഥന. ആ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സാധാരണ ഹോട്ടലിലെ സപ്ലൈയര്‍ ആയി ജോലി ചെയ്യേണ്ടി വരും. ട്രെയിന്‍ യാത്രയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോകാറില്ല. ജര്‍മന്‍ കപ്പല്‍ കമ്പനി ഒറിജിനല്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുപോയതാണ്. കളളന് ആ ബാഗില്‍ നിന്ന് കിട്ടിയതു പഴകിയ ഒരു ഫോണ്‍ മാത്രമാണ്. പക്ഷേ, വിഷ്ണുവിന് നഷ്ടപ്പെട്ടതു ജീവിതവും.

വിഷ്ണുവിന് വേണ്ടി അഭ്യർഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണെന്നും ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിൻ ബാഗ് നഷ്ടപ്പെട്ട വാർത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.