ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

പുകമഞ്ഞിൽ വലയുന്ന ഡൽഹിയുടെ കാഴ്ചകൾ നാം കണ്ടു. എന്നാലത് ഡൽഹിയുടെ മാത്രം കഥയല്ല. വടക്കേ ഇന്ത്യയെ മുഴുവനായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന ശാപമാണ് വായുമലിനീകരണം. ഒരുപക്ഷേ തെക്കോട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും ശ്വാസമെടുക്കാൻ പാടുപെടുന്ന സാഹചര്യം ഭാവിയിൽ വന്നു ചേർന്നേക്കാം. അങ്ങനെ ഉണ്ടാവാതെയിരിക്കണമെങ്കിൽ ഐക്യു എയർവിഷ്വൽ എന്ന പേരിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്‌മ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും.

ലോകത്തിൽ വായൂ മലിനീകരണം ഏറ്റവും കൂടുതൽ ഉള്ള മുപ്പത് നഗരങ്ങളിൽ ഇരുപത്തിരണ്ട് നഗരങ്ങളും ഇന്ത്യയിലാണ്. ബാക്കിയുള്ള എട്ട് സ്ഥാനങ്ങൾ പാക്കിസ്ഥാൻ, ബംഗ്ളാദേശ് , ചൈന തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങൾ പങ്കു വെച്ചു. വായുമാലിനീകരണത്തിന്റെ തോതിൽ ഏറെക്കാലമായി ഒന്നാം സ്ഥാനം നേടിക്കൊണ്ടിരുന്ന ബേജിങ്ങിനെ പിന്തള്ളിയാണ് ഇന്ത്യൻ നഗരങ്ങൾ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

വാഹനങ്ങളുടെ ക്രമാതീതമായ വർദ്ധനവ് , ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ , ഫാക്ടറികളിൽ നിന്ന് പുറത്തുവിടുന്ന പുക എന്നിവയാണ് നഗരപ്രദേശങ്ങളിൽ വായുമലിനീകരണം വർദ്ധിക്കുവാനുള്ള പ്രധാന കാരണങ്ങൾ. ഈ മൂന്ന് മാനദണ്ഡങ്ങൾ വെച്ചു നോക്കിയാൽ ചൈന ആണ് മലിനീകരണത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കേണ്ടത്. എന്നാൽ ചൈന കാര്യക്ഷമമായി ഈ കാര്യത്തിൽ ഇടപെടുന്നു എന്നു വേണം പുതിയ ഗവേഷണം മുൻനിർത്തി വിലയിരുത്തുവാൻ. വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങളിലുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചു കളയുന്ന രീതി നിലവിലുണ്ട്. പുതിയ കൃഷി ഇറക്കുന്നതിന് മുൻപ് കൃഷിയിടം വൃത്തിയാക്കുന്നതിന് കർഷകർ പണ്ട് മുതലേ ഉപയോഗിക്കുന്ന മാർഗമാണിത്. സാമ്പത്തികവും മനുഷ്യവിഭവശേഷിയും പരിഗണിക്കുമ്പോൾ മികച്ച ഒരു രീതിയായി തോന്നുമെങ്കിലും വായുമലിനീകരണ തോത് വർധിപ്പിക്കുന്നതിൽ ഈ രീതി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചൈന കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ഇന്ത്യ ഇപ്പോഴും അത് തുടരുകയും ചെയ്യുന്നതുകൊണ്ടാണ് വായുമലിനീകരണ പട്ടികയിൽ ഇന്ത്യയ്ക്ക് മുൻപന്തിയിൽ നിൽക്കേണ്ടി വരുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതി കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് വിലക്കികൊണ്ട് ഉത്തരവിറക്കിയത്.

ദക്ഷിണ ഭാരതത്തിൽ ഉള്ളവർക്ക് വായുമലിനീകരണത്തിന്റെ അപകടങ്ങൾ വേണ്ടവിധം ഇനിയും മനസിലായിട്ടില്ല. മുഖംമൂടി ധരിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന ഫോട്ടോ മാത്രമേ തെക്കേയിന്ത്യക്കാരൻ കണ്ടിട്ടുള്ളു. ആസ്തമ, അറ്റാക്ക് , സ്ട്രോക്ക് , നേത്ര സംബന്ധിയായ പ്രശ്നങ്ങൾ ,ശ്വാസംമുട്ടൽ തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണ് ശുദ്ധമല്ലാത്ത വായുവിന്റെ ശ്വസനം.

ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് അതിൽ നിന്ന് രക്ഷ നേടാനും അല്ലാത്തവർക്ക് ഭാവിയിൽ വന്നുചേരാൻ ഇടയുള്ള വിപത്തിന് തടയിടുന്നതിനും സ്വിസ് കൂട്ടായ്മയുടെ പഠനം വെളിച്ചമാകുമെന്ന് പ്രത്യാശിക്കാം.