മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ പരിക്കുകളുമായി രക്ഷപ്പെട്ട സ്ത്രീക്ക് കവചമായത് ഐഫോണ്‍. അതിശയോക്തിയാണെന്ന് കരുതാമെങ്കിലും ലിസ ബ്രിഡ്ജറ്റ് എന്ന 45കാരിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഐഫോണ്‍ ഒരു ബുള്ളറ്റ് പ്രൂഫ് പോലെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി അവസാനിച്ചതിനു ശേഷം ലിസ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ബോംബില്‍ നിന്ന് തെറിച്ചു വന്ന നട്ടുകളും മറ്റുമാണ് ഒട്ടേറെപ്പേരുടെ ജീവനെടുത്തത്. ലിസയുടെ തലക്കു നേരെ പാഞ്ഞുവന്ന ഒരു നട്ട് ഫോണില്‍ തട്ടി തെറിച്ചുപോകുകയായിരുന്നു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിസ ചികിത്സയിലാണ്. ഫോണില്‍ തട്ടിയ നട്ട് അവരുടെ ഒരു വിരല്‍ തകര്‍ത്തു. കണങ്കാലില്‍ പൊട്ടലും തുടയില്‍ വലിയൊരു മുറിവും ഇവര്‍ക്കുണ്ടായിട്ടുണ്ട്. അടുത്ത ഒരു ശസ്ത്രക്രിയക്കു കൂടി തയ്യാറെടുക്കുന്ന ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായും ഐഫോണ്‍ ആണ് അവരെ രക്ഷിച്ചതെന്നും ഭര്‍ത്താവായ സ്റ്റീവ് പറഞ്ഞു. മകള്‍ക്കും സുഹൃത്തിനുമൊപ്പമാണ് ലിസ സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വിരല്‍ നഷ്ടമായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതില്‍ ആശ്വസിക്കുകയാണെന്ന് സ്റ്റീവ് പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എമര്‍ജന്‍സി സര്‍വീസുകളെയും സ്റ്റീവ് അഭിനന്ദിച്ചു.

22 പേരുടെ മരണത്തിനു കാരണമായ മാഞ്ചസ്റ്റര്‍ ആക്രമണത്തിന ുശേഷം ബ്രിട്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വിധത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഇനിയും ഉണ്ടാകുമെന്നും വീണ്ടുമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. പോലീസിനൊപ്പം സൈന്യവും യുകെയില്‍ സുരക്ഷക്കായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.