ഹാരോഡ്‌സില്‍ കോടികള്‍ ചെലവഴിച്ച സ്ത്രീ സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാത്ത കുറ്റത്തിന് പിടിയില്‍; ഇവരെ അസര്‍ബൈജാന് കൈമാറിയേക്കും

ഹാരോഡ്‌സില്‍ കോടികള്‍ ചെലവഴിച്ച സ്ത്രീ സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാത്ത കുറ്റത്തിന് പിടിയില്‍; ഇവരെ അസര്‍ബൈജാന് കൈമാറിയേക്കും
November 07 05:08 2018 Print This Article

ലണ്ടനില്‍ അത്യാഢംബര ജീവിതം നയിച്ച അസര്‍ബൈജാന്‍ സ്വദേശിനിയായ സ്ത്രീ അറസ്റ്റില്‍. സമീറ ഹാജിയേവ എന്ന 55 കാരിയാണ് പിടിയിലായത്. അണ്‍എക്‌സ്‌പ്ലെയിന്‍ഡ് വെല്‍ത്ത് ഓര്‍ഡര്‍ എന്ന കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പരാജയപ്പെടുന്ന കുറ്റമാണ് ഇത്. ഇതില്‍ യുകെയില്‍ പിടിയിലാകുന്ന ആദ്യത്തെ ആളാണ് സമീറ എന്നാണ് വിവരം. ഇവരെ മാതൃരാജ്യമായ അസര്‍ബൈജാന് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണാപഹരണത്തിന് പിടിയിലായി അസര്‍ബൈജാനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ബാങ്കറുടെ ഭാര്യയാണ് സമീറ. ലക്ഷ്വറി സൂപ്പര്‍മാര്‍ക്കറ്റായ ഹാരോഡ്‌സില്‍ ഇവര്‍ 16 മില്യന്‍ പൗണ്ടാണ് ചെലവഴിച്ചത്. ഹാരോഡ്‌സിന്റെ ലണ്ടന്‍ സ്‌റ്റോറിന് സമീപത്തായി 15 മില്യന്‍ മൂല്യമുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ മാസമാണ് നാഷണല്‍ ക്രൈം ഏജന്‍സി ഇവരുടെ മേല്‍ യുഡബ്ല്യുഒ ചുമത്തിയത്. ഇവര്‍ തട്ടിപ്പുകാരിയല്ലെന്നാണ് സമീറയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. അസര്‍ബൈജാന്‍ ഇവരെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞയാഴ്ച ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപോളിറ്റന്‍ പോലീസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമാക്കി. പണാപഹരണത്തിന് രണ്ടു കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍ ധൂര്‍ത്തടിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഇവര്‍ തട്ടിപ്പുകാരിയല്ലെന്നും രാജ്യം വിടാന്‍ യാതൊരു സാധ്യതയുമില്ലെന്നും പ്രതിഭാഗം വാദിച്ചു.

അസര്‍ബൈജാനില്‍ ഒരു തട്ടിക്കൊണ്ടു പോകലില്‍ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ഇവര്‍ യുകെയില്‍ എത്തിയതെന്നും കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടെത്തന്നെയാണ് താമസിച്ചു വരുന്നതെന്നും സമീറയുടെ അഭിഭാഷകര്‍ വാദിച്ചു. കുട്ടികളും യുകെയിലാണ് ഉള്ളതെന്ന് ക്യുസി ഹ്യൂഗോ കെയ്ത്ത് പറഞ്ഞു. 5 ലക്ഷം പൗണ്ട് കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് സീനിയര്‍ ഡിസ്ട്രിക്ട് ജഡ്ജ് എമ്മ ആബത്ത്‌നോട്ട് പറഞ്ഞെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കി. നൈറ്റ്‌സ്‌ബ്രൈഡിലെ വീട്ടില്‍ത്തന്നെ തുടരണമെന്നും എം25 വിട്ട് യാത്ര ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മറ്റു ജാമ്യ വ്യവസ്ഥകള്‍. അപ്പീലില്‍ വ്യാഴാഴ്ച ഹൈക്കോര്‍ട്ട് വാദം കേള്‍ക്കും. സമീറയുടെ വീട്ടില്‍ നിന്ന് കണ്ടുകെട്ടിയ 4 ലക്ഷം പൗണ്ടിന്റെ ആഭരണങ്ങള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles