ഇരുനൂറോളം കോടീശ്വരന്‍മാരുമായി ലോകസഞ്ചാരം നടത്തുന്ന ദി വേള്‍ഡ് എന്ന ആഡംബര കപ്പല്‍ യുകെയില്‍ എത്തി. ലോകത്തെ ഏറ്റവും വലിയ ആഡംബര റസിഡന്‍ഷ്യല്‍ കപ്പലാണ് ദി വേള്‍ഡ്. ഇരുനൂറോളം ശതകോടീശ്വരന്‍മാര്‍ക്ക് സ്വന്തമായി ലക്ഷ്വറി മുറികളുള്ള ഈ കപ്പല്‍ 140 രാജ്യങ്ങളിലായി 900 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഡെവണ്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് കപ്പലിന്റെ ഹോം പോര്‍ട്ട്. ലോക സഞ്ചാരത്തില്‍ കപ്പലിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ താമസക്കാര്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. 2002ലാണ് ഈ ക്രൂസ് കപ്പല്‍ സര്‍വീസ് ആരംഭിച്ചത്.

2018ല്‍ കപ്പല്‍ സഞ്ചരിക്കുന്നത് മിയാമിയില്‍ നിന്ന് കേപ് ടൗണിലേക്കാണ്. യാത്രക്കിടയില്‍ കരീബിയന്‍, സെന്‍ട്രല്‍ അമേരിക്ക, സൗത്ത് അമേരിക്ക, ബ്രസീലിലെ വിവിധ കേന്ദ്രങ്ങള്‍, യൂറോപ്പ്, മെഡിറ്ററേനിയന്‍ തീരങ്ങള്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉത്തരധ്രുവത്തില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള സ്വാല്‍ബാര്‍ഡ് ഗ്ലേസിയറിലേക്കുള്ള യാത്ര ഇതിലൊന്നാണ്. ആര്‍ട്ടിക് വൈല്‍ഡ് ലൈഫ് കാണാനുള്ള അപൂര്‍വാവസരമാണ് 14 ദിവസം നീളുന്ന യാത്ര സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ബ്രിട്ടീഷ് ഐല്‍സിലേക്ക് 10 ദിവസത്തെ യാത്രയും ദി വേള്‍ഡ് അതിലെ താമസക്കാര്‍ക്ക് നല്‍കുന്നു.

വെല്‍ബീയിംഗ് സെന്റര്‍, സ്പാ, ജിം, പൂള്‍, ടെന്നീസ് കോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ്, മെഡിക്കല്‍ സെന്റര്‍ നൈറ്റ് ക്ലബ്, ചാപ്പല്‍, ബില്യാര്‍ഡ്‌സ് റൂം തിയേറ്റര്‍, ബ്യൂട്ടീക്ക് തുടങ്ങി എല്ലാ വിധത്തിലുള്ള ആഡംബര സൗകര്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. കോടീശ്വരന്‍മാര്‍ക്കു മാത്രമേ കപ്പലില്‍ പ്രവേശനമുള്ളു. യാത്രക്കൊരുങ്ങുന്നവര്‍ അതിനുള്ള സാമ്പത്തിക നിലയിലുള്ളവരാണോ എന്ന പരിശോധനയും ഉണ്ട്. മൂന്നു മുതല്‍ നാലു മാസം വരയെയാണ് സഞ്ചാരികള്‍ കപ്പലില്‍ സഞ്ചരിക്കാറുള്ളത്. 19 രാജ്യങ്ങളില്‍ നിന്നുള്ള 142 കോടീശ്വര കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര കപ്പല്‍.