സ്വന്തം വിവാഹത്തിന്  വൈകിയെത്തുന്ന വധൂ വരന്മാര്‍ ഇനി മുതല്‍ ജാഗ്രത പാലിക്കുക. താമസിച്ചെത്തിയാല്‍ ഇനി ഫൈന്‍ അടക്കേണ്ടി വരിക നൂറ് പൗണ്ട് ആയിരിക്കും. ബെയര്‍സ്റ്റെഡ് ഹോളി ക്രോസ്സ് ഇടവക വികാരി റവ. ജോണ്‍ കോര്‍ബിന്‍ ആണ് ഇങ്ങനെയൊരു നിയമം തന്‍റെ ഇടവകയില്‍ നടപ്പിലാക്കിയിരിക്കുന്നത്. വധൂ വരന്മാര്‍ താമസിച്ച് വരുന്നത് മൂലം പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് റവ. ജോണ്‍ പറയുന്നത്.

വിവാഹ ചടങ്ങുകള്‍ മനോഹരമായി നടത്താന്‍ ശ്രമിച്ച് കാത്തിരിക്കുന്ന പള്ളിയിലെ സ്റ്റാഫിന് ഈ തുക നല്‍കുമെന്നും റവ. ജോണ്‍ വ്യക്തമാക്കി. വിവാഹ ചടങ്ങിന് പള്ളി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ തുക വാങ്ങി വയ്ക്കുമെന്നും വരനോ വധുവോ 20 മിനിറ്റില്‍ കൂടുതല്‍ താമസിച്ചാല്‍ ഈ തുക തിരികെ ലഭിക്കില്ലെന്നും എന്നാല്‍ ട്രാഫിക് കുരുക്ക് പോലുള്ള ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ ഈ നിയമം ബാധകമാവില്ല എന്നും  അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കയിലെ ഒരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ആണ് ഇങ്ങനെ ഒരു ആശയം തനിക്ക് ലഭിച്ചതെന്ന് റവ. ജോണ്‍ പറയുന്നു. ഇവിടെ വധുവോ വരനോ താമസിച്ചെത്തിയാല്‍ പരസ്പരം നഷ്ട പരിഹാരം നല്‍കുന്ന രീതി നിലവിലുണ്ട്. ഇത് കണ്ടപ്പോഴാണ് തന്‍റെ ഇടവകയില്‍ ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കാം എന്ന് ചിന്തിച്ചത്. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെ വിവാഹ ശുശ്രൂഷകളില്‍ സഹായിക്കുന്ന തന്റെ പള്ളിയിലെ സ്റ്റാഫിന് വധൂ വരന്മാര്‍ താമസിച്ചെത്തുന്നത് മൂലമുണ്ടാകുന്ന വിഷമം ഒഴിവാക്കാന്‍ പുതിയ നിയമം സഹായകരമാകുമെന്ന് കരുതിയതായും റവ. ജോണ്‍ പറയുന്നു.

താന്‍ വികാരി ആയി സേവനം ചെയ്യുന്ന സെന്റ്‌. മേരി ദി വിര്‍ജിന്‍ ചര്‍ച്ച്, തോണ്‍ഹാമിലെക്കും ഈ നിയമം കൊണ്ട് വരാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇദ്ദേഹം ഈ തീരുമാനം നടപ്പിലാക്കിയ ശേഷം നടന്ന പന്ത്രണ്ട് വിവാഹങ്ങളില്‍ ഒന്നിന് മാത്രമാണ് ഡിപ്പോസിറ്റ് തുക തിരിച്ച് കൊടുക്കേണ്ടി വന്നതെന്നും അറിയിച്ചു.