ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റോയൽ മെയിൽ ജീവനക്കാർ വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം കൂടുതൽ കരുത്താർജ്ജിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാ​ഗമായി 115,000 തപാൽ ജീവനക്കാർ ഇന്ന് പണിമുടക്കുകയാണ്. ഓഗസ്റ്റ് 31, സെപ്തംബർ 8, 9 തീയതികളിലും പണിമുടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം തൊഴിലാളികൾ സമരം ചെയ്യുന്ന ദിവസങ്ങളിൽ കത്തുകൾ നൽകില്ലെന്നും ചില പാഴ്സലുകൾ വൈകുമെന്നും റോയൽ മെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേതനം വർദ്ധിപ്പിക്കണമെന്നുള്ളതാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. സാധനങ്ങൾ വൈകി ലഭിക്കുന്നതിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. തടസ്സങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കാമെന്നും ഇത് മറികടക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പണിമുടക്ക് ദിവസങ്ങളിൽ കഴിയുന്നത്ര സ്‌പെഷ്യൽ ഡെലിവറികളും ട്രാക്ക് ചെയ്‌ത പാഴ്‌സലുകളും വിതരണം ചെയ്യുമെന്നും, മെഡിക്കൽ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അവർ പറയുന്നു.

സമരക്കാരെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയനുമായി മൂന്ന് മാസം ചർച്ചകൾ നടത്തിയെന്നും നിലവിൽ ശമ്പളം പുതുക്കി നൽകാനുള്ള കമ്പനിയുടെ തീരുമാനം യൂണിയൻ നിരസിച്ചതായും റോയൽ മെയിൽ പറഞ്ഞു. നിലവിലെ ജീവിതച്ചെലവ് ഉൾക്കൊള്ളുന്ന തുകയിലേക്ക് വേതനം വർദ്ധിപ്പിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

തപാൽ ജീവനക്കാർ അർഹിക്കുന്ന മാന്യമായ വേതന വർദ്ധനവ് ഉറപ്പാക്കാണമെന്ന് ജനറൽ സെക്രട്ടറി ഡേവ് വാർഡ് പറഞ്ഞു. “മുതലാളിമാർ കോടിക്കണക്കിന് ലാഭം കൊയ്യുന്ന ഒരു രാജ്യത്ത് ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. ജീവനക്കാർ ബാങ്കുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പണിമുടക്ക് ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കി.