സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 1300 കിലോമീറ്ററിലേറെ ദൂരം ഒറ്റക്ക് കാറോടിച്ച 12കാരന്‍ പിടിയില്‍. രാജ്യത്തിന്റെ മൂന്നിലൊന്ന് ദൂരം ഒറ്റക്ക് ഡ്രൈവ് ചെയ്ത ശേഷമാണ് ഇവന്‍ പിടിയിലായത്. ന്യൂസൗത്ത് വെയില്‍സിന് അടുത്തുള്ള ബ്രോക്കണ്‍ ഹില്ലില്‍ വെച്ചാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. പോര്‍ട്ട് മക്ക്വയറിന് അടുത്തുള്ള കെന്‍ഡാലില്‍ നിന്നാണ് ഇവന്‍ യാത്ര ആരംഭിച്ചത്. ന്യൂസൗത്ത് വെയില്‍സ് ഏകദേശം മുഴുവനായും ഇവന്‍ കറങ്ങിയെന്നാണ് കരുതുന്നത്. പെര്‍ത്തിലേക്ക് പോകുന്നതിനിടെയാണ് ഇവന്‍ പിടിയിലായതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ലോക്കല്‍ ഹൈവേ പട്രോള്‍ ഓഫീസര്‍മാര്‍ ഇവന്റെ കാര്‍ പരിശോധനയ്ക്കായി തടഞ്ഞത്. കാറിന്റെ ബമ്പര്‍ പൊളിഞ്ഞ് വഴിയിലൂടെ ഉരഞ്ഞു നീങ്ങുന്നത് ശ്രദ്ധയില്‍പ്പട്ടതോടെയാണ് പോലീസ് വാഹനം തടഞ്ഞത്. അറസ്റ്റ് ചെയ്ത കുട്ടിയെ പിന്നീട് ബ്രോക്കണ്‍ ഹില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു. കെന്‍ഡാലില്‍ നിന്ന് പെര്‍ത്തിലേക്ക് കാറില്‍ 40 മണിക്കൂറോളം യാത്രയുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മരുഭൂമിയിലൂടെയാണ് ഈ യാത്ര.

നള്ളാര്‍ബോര്‍ പ്ലെയിന്‍ എന്ന കുപ്രസിദ്ധമായ മരുഭൂമിയാണ് ഇത്. ഈ മരുഭൂമി കടക്കുന്നതിനായി ആറ് ദിവസമെങ്കിലും ഉപയോഗിക്കണമെന്നാണ് യാത്രക്കാരോട് രാജ്യത്തിന്റെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റ് ആവശ്യപ്പെടുന്നത്. കിലോമീറ്ററുകളോളം മരുഭൂമി മാത്രമുള്ള ഈ പ്രദേശത്തെ യാത്രക്ക് അധിക ഇന്ധനവും ഭക്ഷണവു കരുതണമെന്ന ഉപദേശവും യാത്രക്കാര്‍ക്ക് നല്‍കാറുണ്ട്.