തുറന്നിട്ട ജനാലകൾ അടയ്ക്കാൻ മറന്നത് വൻ ദുരന്തത്തിന് വഴിവച്ചു.കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ പതിനാല് മാസം പ്രായമായ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് തെന്നി വീണ കുഞ്ഞ് മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. കുഞ്ഞ് വീണ ഉടനെ ഓടി കൂടിയവര്‍ കണ്ടത് കുട്ടി മരത്തിന് മുകളില്‍ തങ്ങി നില്‍ക്കുന്നതാണ്.

കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അടയ്ക്കാന്‍ മറന്നിരുന്നു. ഇതിലൂടെയാണ് അഥര്‍വ്വ ബര്‍ക്കഡെ തെന്നി വീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീഴുകയായിരുന്നുവെന്നും നോക്കി നിന്ന തങ്ങള്‍ ഓടിയെത്തും മുമ്ബ് കുഞ്ഞ് വീണ് കഴിഞ്ഞുരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.