വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചു. ആവിയോട്ട് ഹൗസിൽ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ തോമസും ഭാര്യയും മൂന്ന് ദിവസം മുൻപാണ് വിയറ്റ്നാമിലേക്ക് യാത്രതിരിച്ചത്. മരിച്ചവരിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളും ഉൾപ്പെടുന്നു.
ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്കു പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്ര ആരംഭിച്ച് മിനിറ്റുകൾക്കകം ബോട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അതേസമയം, അപകടത്തിൽ മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നോർക്ക സിഇഒയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായും വിയറ്റ്നാമിലെ ഇന്ത്യൻ അധികൃതരുമായും സംസ്ഥാന സർക്കാർ ആശയവിനിമയം തുടരുകയാണ്.











Leave a Reply