സ്വന്തം ലേഖകൻ

ലണ്ടൻ : സ്വന്തം ജീവന് വില നൽകാതെ കൊറോണയ്ക്കെതിരെ പോരാടിയ ആരോഗ്യപ്രവർത്തകരുടെ മരണസംഖ്യ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുറത്തുവിട്ടു. ഇതുവരെ 312 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായി ജോൺസൻ അറിയിച്ചു. ഇതിൽ 181 എൻ എച്ച് എസ് സ്റ്റാഫുകളും 131 സാമൂഹ്യ പരിപാലന പ്രവർത്തകരും ഉൾപ്പെടുന്നു. കൊറോണയോട് പോരാടി ജീവൻ വെടിഞ്ഞ എല്ലാ ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചതൊടൊപ്പം അവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഈ മരണങ്ങളിൽ നൂറിലേറെ പേർ വിദേശത്തുനിന്ന് ഉള്ളവരാണ്. സർക്കാർ കണക്കുകൾ പ്രകാരം യുകെയിലെ കൊറോണ വൈറസ് മരണസംഖ്യ 35,341 ആണ്. ഇതിൽ ആശുപത്രി മരണങ്ങൾ, കെയർ ഹോം മരണങ്ങൾ, സാമൂഹിക മരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും രാജ്യത്തെ കൊറോണ വൈറസ് മരണങ്ങളുടെ യഥാർത്ഥ എണ്ണം 55,000 ൽ താഴെ ആയിരിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പോരാടുന്ന വിദേശ എൻ എച്ച് എസ് ജീവനക്കാർ ഇമിഗ്രേഷൻ ഹെൽത്ത്‌ സർചാർജ് അടയ്ക്കണമെന്ന നടപടിയിൽ പ്രധാനമന്ത്രി ഉചിതമായ തീരുമാനം കൈകൊള്ളുന്നില്ലെന്ന് ലേബർ പാർട്ടി വിമർശിച്ചു. ഈയൊരു തീരുമാനം പുനഃപരിശോധിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പിഎംക്യുവിൽ അഭിപ്രായപ്പെട്ടു. കോവിഡ് -19 ബാധിച്ച് ഏഷ്യൻ കറുത്ത വംശജർ മരിക്കാൻ ഏറെ സാധ്യതയുള്ളതിനാൽ അവർക്ക് പരിശോധന ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലക്ഷക്കണക്കിന് കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും പരിശോധിക്കുന്നുണ്ടെന്നും രാജ്യത്തൊട്ടാകെയുള്ള പരിശോധന ഈ മാസം അവസാനത്തോടെ 200,000 ആയി ഉയരുമെന്നും ജോൺസൺ അറിയിച്ചു. രണ്ട് ആഴ്ചത്തെ പാർലമെന്റ് അവധിയ്ക്ക് മുമ്പുള്ള അവസാന പിഎംക്യുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.