ചെന്നൈ: ചെന്നൈയില്‍ ബിജെപി നേതാവില്‍ നിന്ന് 45 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. എം.വി. രാമലിംഗം ആന്‍ഡ് കമ്പനി ഉടമയും ബിജെപി പ്രാദേശിക നേതാവുമായ ദണ്ഡപാണിയുടേതാണ് പിടിച്ചെടുത്ത 45 കോടിയുടെ നോട്ടുകള്‍. കോടമ്പാക്കത്തെ വസ്ത്രവ്യാപാരിയായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഇന്നലെ ഇയാളുടെ വീട്ടിലും കടയിലും നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ കടകളിലെ വസ്ത്രങ്ങളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. സാധാരണ വസ്ത്രവ്യാപാരത്തിനു പുറമേ പൊലീസ് യൂണിഫോം കരാര്‍ അടിസ്ഥാനത്തില്‍ തയ്ച്ച് നല്‍കുകയും സിനിമ ഷൂട്ടിങ്ങിന് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ഇയാളുടേത്.

അസാധു നോട്ടുകള്‍ മാറി നല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ചില തമിഴ് സിനിമാ താരങ്ങള്‍ക്ക് ഇതുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു. 45 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ച സംഭവത്തില്‍ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.