കാറ്റ് പൊട്ടിച്ച പട്ടം
കടൽക്കാറ്റിൽ അവളുടെ മുടി മെക്സിക്കോയുടെ ഭൂപടം വരച്ചു. അപരിചിതരായ യുവമിഥുനങ്ങൾ നീണ്ടു നിവർന്നു കിടക്കുന്ന കടപ്പുറത്തൂടെ നടന്നു. കടൽക്കാറ്റിൽ തലയിലെ തൊപ്പി പറന്നുപോകാതിരിക്കാൻ ഒരാൾ ശ്രമിച്ചു. ജെസ്സിക്ക പറഞ്ഞു.
“”നല്ല കാറ്റ് അല്ലേ?”
“”അതെ ” സിസ്റ്റർ പ്രതിവചിച്ചു.
“”കടലിന് വളരെ മാസ്മരികമായ ശക്തിയാണുള്ളത്. കടൽ നമ്മെ സ്നേഹിക്കുകയും ഒപ്പം തന്നെ ശിക്ഷിക്കുകയും ചെയ്യുന്നു. നീ ഇൗ ഇരുണ്ട നാളുകളിൽ നിന്ന് മോചനം തേടാൻ ആഗ്രഹിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഫാത്തിമയും അന്ധകാരത്തിൽ നിന്ന് വന്നവളാണ്. ഇന്ന് അവൾ എന്റെ ഒപ്പം സഞ്ചരിക്കുന്നു”.
സിസ്റ്ററുടെ വാക്കുകൾ ജസീക്കയ്ക്ക് ആത്മധൈര്യമേകി. ഇത്രയും നാളത്തെ ജീവിതംകൊണ്ട് താനെന്തു നേടി. സമ്പത്തുണ്ടാക്കി. അഗ്നികുണ്ഡത്തിൽ പുകയുന്ന വിറകുകഷണംപോലെ പട്ടുമെത്തകളിൽ പുളഞ്ഞു. അത് വെറും കറുത്ത പുക മാത്രമായിരുന്നു. അവിടെ ഉയരേണ്ടത് വെളുത്ത പുകയായിരുന്നു. ആശങ്കയോടും പ്രത്യാശയോടും ചോദിച്ചു. “”സിസ്റ്റർ പറയൂ. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?”
സിസ്റ്റർ സ്നേഹത്തോടെ അവളെ നോക്കി
“”മോളേ, പണംകൊണ്ട് നമുക്ക് എന്തും നേടാം, ദൈവം നമ്മെ ഭൂമിയിലേക്ക് വിട്ടത് ഇൗ നശിക്കുന്ന വസ്തുവകകൾക്ക് അടിമകളാകാനല്ല. നമ്മുടെ ജീവന് ദൈവം നല്കിയിരിക്കുന്നത് വലിയൊരു വിലയാണ്. അത് പാപത്തിന് ഏല്പിച്ചു കൊടുത്താൽ ഒരിക്കൽ നമ്മൾ ന്യായവിസ്താരതതിൽ നിൽക്കേണ്ടി വരും. ദൈവം നമ്മുടെ വിചാരവികാരങ്ങളെ അളന്നുനോക്കിയാണിരിക്കുന്നത്. ഇന്നത്തെ ഇൗ സുഖലോലുപത ജീവിതം ഒന്നവസാനിപ്പിച്ച് വ്യഭിചാരം ചെയ്യുന്നവരെയും അന്യായം ചെയ്യുന്നവരെയും മാനസാന്തരപ്പെടുത്തി അവരെ പ്രത്യാശയുടെ പാതയിൽ വഴി നടത്താം അതൊരു പുണ്യപ്രവൃത്തിയാണ്. ഒാരോ രാജ്യത്തും ഞങ്ങളുടെ ആളുകൾ ഉണ്ട്. ഇൗ ഫാത്തിമയും അതിലൊരാളാണ്. ഞങ്ങൾ പ്രവർത്തിക്കുന്നത് ഒരു ട്രസ്റ്റിന്റെ കീഴിലാണ്. ആ ട്രസ്റ്റികളിൽ ഒരാൾ മാത്രമാണ് സഭ. മറ്റുള്ളവരെല്ലാം സമൂഹത്തിന്റെവിവിധ തുറകളിൽ നിന്നുള്ളവരാണ്. നല്ലവരായ ധാരാളം മനുഷ്യരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് ഇത് മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി ഞങ്ങൾക്ക് പ്രതിസന്ധിയുണ്ട്. പല സർക്കാരുകളും ഞങ്ങളുടെ പ്രവർത്തനത്തിന് തടസ്സം മാത്രമല്ല സഹകരണവും നല്കാറില്ല. അവർ വിചാരിക്കുന്നത് ഞങ്ങൾ സമ്പാദിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് എന്നാണ്. ട്രസ്റ്റിന്റെ കണക്കെടുത്താൽ അത് തെറ്റെന്ന് മനസ്സിലാകും. സ്ത്രീകളുടെ മോചനമാണ് ഞങ്ങൾക്ക് മുഖ്യം.
സിസ്റ്റർ ജസീക്കയുടെ കരം കവർന്നുകൊണ്ട് പറഞ്ഞു. “” നീയും ഇതിൽ പങ്കാളിയാവണം”
“”തീർച്ചയായും സിസ്റ്റർ! ഇൗ രാജ്യത്ത് ലേഡീസ് കെയർ ഹോം ഫോർ പ്രോസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ എനിക്ക് സാധിക്കും”. അവളുടെ മനസ്സിൽ ഒരു പ്രകാശബിന്ദു തെളിഞ്ഞുവന്നു. അധികാര സ്ഥാനങ്ങളിലുള്ളവർ സിസ്റ്ററെ വിസമരിച്ച ഭാഗത്തുനിന്ന് ശുഭകരമായ ഒരു തുടക്കം കുറിക്കാൻ തനിക്ക് കഴിയും. പല വമ്പൻമാരുടെയും കള്ളക്കണക്കുകളും അരമനരഹസ്യങ്ങളും തനിക്കറിയാം. അവൾ സിസ്റ്റർ കാർമേലിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാവിനേക്കാൾ ഹൃദയം അവളോട് ശക്തമായി പറയുന്നതായി തോന്നി. ഒരിക്കൽ ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ് ഇവർ എന്നെ തളച്ചത്. ആ അനുഭവം ഒരാനന്ദത്തിന്റെ ഭാഗമായി. ഞാനും ഏറ്റവും വലിയ ഉന്നതന്മാരുടെ കിടപ്പറ രഹസ്യങ്ങൾ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവരുടെ സംഭാഷണങ്ങൾപോലും എന്റെ വീഡിയോയിലുണ്ട്. അന്ന് എന്നെ ഇൗ വഴിയിലേക്ക് നയിച്ച ദൈവത്തെ ഞാൻ മനസ്സാലേ വെറുത്തിരുന്നു. ആ ദൈവം സിസ്റ്റർ കാർമേലിലൂടെ തന്റെ മുന്നിൽ നില്ക്കുന്നതായി തോന്നി.
“”ഞാനുണ്ടാക്കിയ പണം കെയർഹോമിന്റെ പ്രവർത്തനങ്ങൾകകായി വിനിയോഗിക്കും. ഇതെന്റെ ഉറച്ച മനസ്സിന്റെ തീരുമാനമാണ്.”
സിസ്റ്റർ അവളെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.
അവർ നടന്ന് നടന്ന് അവളുടെ ആഡംഭരക്കാറിൽ കയറി യാത്ര തിരിച്ചു. അന്തരീക്ഷം പ്രഭാസമ്പന്നമായി. വലിയൊരു പബിന്റെ മുന്നിലെ കസേരകളിൽ അവർ കാപ്പി കുടിക്കാനിരുന്നു. സിസ്റ്ററോട് ഇരിക്കാനായി പറഞ്ഞിട്ട് ഫാത്തിമയുമായി ജസീക്ക അകത്തേക്കു നടന്നു. റോഡിലൂടെ യാത്രക്കാരും ബസുകളും കാറുകളും പോകുന്നുണ്ട്. അവർക്കടുത്തുള്ള കസേരകളിൽ കാപ്പി, വൈൻ, ബിയർ കുടിക്കുന്ന സ്ത്രീപുരുഷന്മാർ ഇരിക്കുന്നു. മൂന്ന് കപ്പുകളിൽ കാപ്പിയുമായി ജസീക്കയും ഫാത്തിമയും എത്തി.
“”സിസ്റ്റർ എന്റൊപ്പം ഒരാഴ്ചയെങ്കിലും താമസിക്കണം. അതിന്റെ പ്രധാനകാരണം എന്റെ പല സുഹൃത്തുക്കളെയും കാണാനുണ്ട്. സിസ്റ്റർ ഒപ്പമുള്ളത് എനിക്കൊരു ധൈര്യമാണ്.”
“”ജസീക്കയുടെ വാക്കുകളെ ഞാൻ മാനിക്കുന്നു. ഇനിയും ഇവിടെ ഞങ്ങൾക്കുള്ളത് രണ്ട് ദിവസങ്ങൾ മാത്രമാണ്. അതിന്ശേഷം അമേരിക്കയിലേക്ക് പിന്നെ അവിടെ നിന്ന് ലണ്ടനിലേക്ക്. എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ്. ഇനിയും വരുമ്പോൾ ഒരാഴ്ചയല്ല ഒരു മാസം നമുക്ക് ഒന്നിച്ച് താമസിച്ച് പ്രവർത്തിക്കാം. ഇൗ രണ്ട് ദിവസങ്ങളിൽ ഒരു ദിവസം ഞങ്ങൾ നിന്റെ കൂടെ താമസിക്കും. അത് ഇൗ രാത്രിയാകട്ടെ. നമുക്ക് ഞങ്ങൾ താമസിക്കുന്ന സഭയുടെ താമസസ്ഥലത്ത് പോയിട്ട് പെട്ടിയെടുക്കണം. എന്താ പോരായോ?”
ജസീക്ക തലയാട്ടി.
“”ജസീക്ക ഞങ്ങളുടെ ലണ്ടനിലെ ഒാഫീസിലേക്ക് വന്ന് അവിടുത്തെ പ്രവർത്തനങ്ങൾ കാണണം, പഠിക്കണം. അതൊരു പ്രചോദനമായിരിക്കും. ഞങ്ങളുടെ മാനേജർ ഡോക്ടർ സിസ്റ്റർ നോറിനെ നേരിൽ കാണുകയും ചെയ്യാം. അവൾ ഉടനടി ചോദിച്ചു. “”അങ്ങനെയെങ്കിൽ ഞാനും ഒപ്പം വരട്ടെ സിസ്റ്റർ”
സിസ്റ്റർ സന്തോഷപൂർവ്വം അത് സമ്മതിച്ചു. അവൾ കൂടുതൽ കൂടുതൽ മനസ്സിലേക്ക് കടന്നുവരികയാണെന്ന് സിസ്റ്റർ കാർമേലിന് തോന്നി. അവളുടെ ആഗ്രഹത്തിന് സിസ്റ്റർ അപ്പോൾത്തന്നെ സമ്മതം മൂളി. “”അങ്ങിനെയെങ്കിൽ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യണം.”
“”ഇൗ രാജ്യത്ത് ഞാനെന്തു തീരുമാനിച്ചാലും ഉടൻ അത് നടക്കും സിസ്റ്റർ” ജസീക്ക തറപ്പിച്ചുപറഞ്ഞു.
ഫാത്തിമ അവളെ സാകൂതം നോക്കി. തന്നെപ്പോലെയൊരു സാധാരണ വേശ്യയല്ല ഇവൾ.
അവൾ സെക്രട്ടറിയെ വിളിച്ച് ന്യുയോർക്ക് ലണ്ടൻ ബുക്ക് ചെയ്യാൻ പറഞ്ഞു. കഴിഞ്ഞുപോയ മുറിവിനെ ഇനിയും ഉണക്കാതിരുന്നാൽ ഒരു സന്തോഷവും നേടില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. കാപ്പി കഴിക്കവെ സിസ്റ്ററിന്റെ മനസ്സിൽ ഒരു സംശയം മുളച്ചു. ഇവളുടെ തൊഴിൽ ഉപേക്ഷിച്ചുപോയാൽ ഇവരുടെ സംഘക്കാർ ഇവളെ വെറുതെ വിടുമോ? സിസ്റ്ററെ ആ ചിന്ത വല്ലാതെ അലട്ടി. ഒരു രാജ്യത്തുനിന്ന് ലേലം വിളിച്ച് ഉറപ്പിച്ചുവന്ന വേശ്യയാണ്. ഇവളെ ഒളിപ്പോരാളികൾ കാണാതിരിക്കുമോ? തലപ്പത്തിരിക്കുന്നവരെ നേരിടാൻ ഇവൾക്കു ശക്തിയുണ്ടോ? അവളുടെ ആത്മവീര്യം കെടുമോ? അവളുടെ ജീവന് ആപത്തൊന്നും ഉണ്ടാകരുത്. ജെസീക്ക മനഃസാക്ഷിയും മനുഷ്യത്വവും ഉള്ളവളാണ്. അതിൽ അതിരറ്റ സന്തോഷവും ഉണ്ട്. അവൾ ചിന്തിക്കുന്നതുപോലെ അവൾക്കൊപ്പമുള്ള ദുഷ്ടന്മാരായ മനുഷ്യർ ചിന്തിക്കണം എന്നില്ല. അവളോടുള്ള പ്രതികരണം ക്രൂരമോ നിന്ദ്യമോ ആയിരിക്കും. ഇതൊക്കെ ഒാർക്കുമ്പോഴാണ് മനസ് ഉത്കണ്ഠമാകുന്നത്. ഉള്ളിൽ ഉടലെടുത്ത ആ ഒരു ഭീതി അവളുമായി പങ്കുവയ്ക്കുവാൻ തീരുമാനിച്ചു.
“”നീ ഇങ്ങനൊരു സ്ഥാപനം തുടങ്ങുന്നത് നിന്റെ കൂട്ടാളികൾ സഹിക്കുമോ? അവർ നിന്നെ വെറുതെ വിടുമോ?”
അവളുടെ മുഖത്തുകണ്ട ഭാവം ഭയത്തിന്റേതായിരുന്നില്ല. അത് പകയുടേതായിരുന്നു.
“”ഞാനൊരു സ്ത്രീയായതുകൊണ്ട് പേടിച്ചരണ്ട് ജീവിക്കണമെന്നാണോ?”
അപ്പോൾ അവളുടെ ഒരു സുഹൃത്ത് അവർക്കരുകിലേക്ക് വന്നു.
“”ഇത് എന്റെ റൂംമേറ്റ് റ്റെറീസയാണ്. ഞങ്ങൾ രണ്ടുപേരുമാണ് ആ കെട്ടിടത്തിൽ താമസിക്കുന്നത്. ഇവളും എന്റെ തൊഴിൽ തന്നെയാണ് ചെയ്യുന്നത്.”
ഒരു ചെറുപ്പക്കാരൻ കൈകാട്ടി വിളിക്കുന്നത് കണ്ട് അവൾ നടന്നകന്നു.
“”സിസ്റ്റർ വീട്ടിൽ വരുമ്പോൾ പരിചയപ്പെടുത്തി അവളെയും നമ്മുടെ വഴിയിൽ കൊണ്ടുവരാം. മെക്സിക്കൻ യുവതികൾ ഇതുപോലെ ധാരാളമായി രംഗത്തുണ്ട്. എനിക്ക് കുറെ ലഘുരേഖകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കണം. സിസ്റ്റർ കൊണ്ടുവന്നതിന്റെ പകർപ്പ്.”
കൂട്ടാളികൾ ശത്രുക്കളായാൽ എന്തുചെയ്യുമെന്നുള്ള ചോദ്യം സിസ്റ്റർ ആവർത്തിച്ചു. അവൾ മറുപടി പറയാതെ ബാഗ് തുറന്ന് ഒരു കൈത്തോക്കെടുത്ത് കാണിച്ചു. സിസ്റ്റർ അമ്പരന്നു നോക്കി. അവളുടെ ഉള്ളംകയ്യിൽ ആ തോക്ക് തത്തിക്കളിച്ചു. സിസ്റ്ററെ സൂക്ഷിച്ചു നോക്കി ധൈര്യത്തോടെ പറഞ്ഞു.
“”എന്റെ നേരെ തിരിയുന്ന എത്ര ഉന്നതനായാലും ഇൗ തോക്കുകൊണ്ട് ഞാനങ്ങ് തീർക്കും. അതല്ല എന്നെ തീർക്കുമെങ്കിൽ അവരുടെ മാന്യമുഖങ്ങൾ വികൃതങ്ങളാക്കും.”
അവൾ തോക്ക് ബാഗിലേക്ക് വച്ചു.
“”നാളെ ഞായറാഴ്ച അല്ലെ. എനിക്കും സിസ്റ്റർക്കൊപ്പം വന്ന് എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.”
സമീപത്തുകൂടി പോയ ഒരു പോലീസ് ഉദ്യോഗസ്ഥൻ അവളെ കണ്ട് ഹായ് പറഞ്ഞു. അവളും തിരിച്ച് വിഷ് ചെയ്തു. തിരക്കുള്ള റോഡിലൂടെ കാർ പാഞ്ഞുപോയി. സിസ്റ്റർ കാർമേലിന് അവളിലുള്ള വിശ്വാസം ഏറിക്കൊണ്ടിരുന്നു. സിസ്റ്റർ കാർമേൽ കാറിലിരുന്ന് കണ്ണുകളടച്ച് മൗനമായി ദൈവത്തിന് നന്ദി പറഞ്ഞു.
ന്യുയോർക്കിൽ ഒരാഴ്ചത്തെ ലൈംഗിക ബോധവത്കരണത്തിനെത്തിയ സിസ്റ്ററും ഫാത്തിമയും ഒപ്പം ജെസീക്കയും പല വേദികളിൽ പ്രത്യക്ഷപ്പെട്ട് പോപ് ഗായകരെയും നർത്തകിമാരെയും പരിചയപ്പെട്ടു. അവരിൽ ചിലർക്ക് മോഡലായ ജെസീക്കയെ അറിയാമായിരുന്നു. ആ കൂട്ടത്തിൽ സ്വവർഗ്ഗരതിക്കാരുമുണ്ടായിരുന്നു. കോളേജിൽ പഠിക്കുന്നവർ ഒക്കെയും ഉണ്ടായിരുന്നു. എല്ലാവർക്കും ക്ലാസ് എടുത്തു. പാപത്തിൽ നിന്ന് പിന്തിരിയാനും ആവശ്യപ്പെട്ടു. എല്ലാവർക്കും പുതിയൊരു ജീവിതം ഉറപ്പുനല്കിയിട്ട് അവർ ലണ്ടനിലേക്ക് മടങ്ങി.
Leave a Reply