അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണാ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാൻ എൻഎച്ച്എസിന് 3 ബില്യൺ പൗണ്ട് അധികമായി അനുവദിച്ചതായി ചാൻസിലർ ഋഷി സുനാക് അറിയിച്ചു. രാജ്യത്തിൻെറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശനമായ നിയന്ത്രണങ്ങളും വേണ്ടി വരുമെന്നുള്ള സൂചനയും അദ്ദേഹം നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും തൊഴിൽ നഷ്ടങ്ങളും മറികടക്കാൻ ലോകരാജ്യങ്ങൾ പെടാപ്പാടു പെടുമ്പോൾ യുകെയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ അവസരത്തിലാണ് യുകെയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശന നടപടികളിലൂടെ മുന്നോട്ടു പോകേണ്ടതായി വരും എന്ന മുന്നറിയിപ്പ് ചാൻസിലർ ഋഷി സുനാക് നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയതായി അനുവദിക്കപ്പെട്ട 3 ബില്യൺ പൗണ്ടിൻെറ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷകൾ നടപ്പിലാക്കാൻ എൻഎച്ച്എസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ എൻഎച്ച്എസിന് വീഴ്ച സംഭവിച്ചു എന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഫെബ്രുവരിയിൽ 15000 ആയിരുന്നെങ്കിൽ  സെപ്റ്റംബർ ആയപ്പോൾ 140,000 ആയി കഴിഞ്ഞിരുന്നു.

22.3 ബില്യൺ പൗണ്ടാണ് യുകെ ഒക്ടോബറിൽ വായ്പയെടുത്തത്. ഇതോടെ പൊതുമേഖല കടം 2 ട്രില്യൺ. പൗണ്ട് ആയി ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്തവർഷത്തോടെ ചെലവ് ചുരുക്കലും നികുതി വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചാൻസിലർ മുന്നറിയിപ്പ് നൽകിയത്.