ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടു . ഫ്രെൻചേ മേഖലയിലെ സ്റ്റേൺകോർട്ട് റോഡിലുള്ള വീട്ടിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം ഉണ്ടായത്. സ്ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് ഗാർഹിക പ്രശ്നവുമായി ബന്ധപ്പെട്ട വിളിയെ തുടർന്ന് ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അവസ്ഥ വിലയിരുത്തുന്നതിനിടെ ശക്തമായ സ്ഫോടനം ഉണ്ടായതായാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടർന്ന് വീടിന് വലിയ തോതിലുള്ള നാശനഷ്ടമുണ്ടായതായും പ്രദേശവാസികൾ ശക്തമായ ശബ്ദം കേട്ടതായി പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിൽ പരിക്കേറ്റ പുരുഷൻ, സ്ത്രീ, ഒരു കുട്ടി എന്നിവരെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് “മേജർ ഇൻസിഡന്റ്” പ്രഖ്യാപിച്ച പൊലീസ് സമീപവാസികളെ ഒഴിപ്പിക്കുകയും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുകയും ചെയ്തു. ഫയർഫോഴ്‌സ്, ആംബുലൻസ്, പൊലീസ് വിഭാഗങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പ്രദേശം പൂർണമായും വളഞ്ഞ് നിയന്ത്രണത്തിലാക്കുകയും ചെയ്തു. സ്ഫോടനം “സംശയാസ്പദ” സ്വഭാവമുള്ളതായിരുന്നുവെങ്കിലും ഭീകരവാദവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്.

മരിച്ച പുരുഷനുമായി ബന്ധമുള്ള മറ്റൊരു വസതിയിൽ സ്പീഡ്വെൽ മേഖലയിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി,. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും പൊതുജനങ്ങൾക്ക് തൽക്ഷണ ഭീഷണിയില്ലെന്നുമാണ് വിലയിരുത്തൽ. എന്നാൽ കേസ് “സങ്കീർണ്ണവും സൂക്ഷ്മവുമായ അന്വേഷണം” ആവശ്യപ്പെടുന്നതാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ടന്റ് മാത്ത് എബ്സ് പറഞ്ഞു . സ്ഫോടനത്തിന്റെ കൃത്യകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.











Leave a Reply