യുഎസ്സിൽ ഫൈസർ ബയോൺടെക് വാക്സീൻ സ്വീകരിച്ച നഴ്സ് കുഴഞ്ഞുവീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവർ എന്ന നഴ്സാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണത്. ചാനൽ ലൈവിൽ സംസാരിക്കുന്നതിനിടെ ‘ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു’ എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുഴഞ്ഞുവീഴുന്ന ടിഫാനിയെ ഡോക്ടർമാർ താങ്ങിപ്പിടിച്ച് തറയിൽ കിടത്തുന്നതും കാണാം. ‘ ഞാനും മറ്റു സ്റ്റാഫുകളുമെല്ലാം വാക്സീൻ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെല്ലാം കോവിഡ് യൂണിറ്റിൽ പ്രവർത്തിച്ചവരാണ്. അതിനാൽ തന്നെ വാക്സീൻ സ്വീകരിക്കാനുള്ള ആദ്യ അവസരവും ഞങ്ങൾക്കു കിട്ടി.–’ മാധ്യമങ്ങളോട് ഇത് പറഞ്ഞു നീങ്ങുമ്പോഴാണ് സംഭവം.
എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അത് പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം ടിഫാനി പ്രതികരിച്ചു.

തനിക്ക് വേദന ഉണ്ടാകുമ്പോൾ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തിൽ സംഭവിച്ചതെന്നും അവർ പറഞ്ഞു.

 

യുഎസിൽ ഉടനീളം വാക്സീൻ സ്വീകരിച്ച ആളുകൾ ബോധരഹിതരാകുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിൽ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വാക്സിനേഷനുമായി ബന്ധപ്പെട്ട വേദനയും പേടിയുമാണ് ഇതിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.