ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ 32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ ഭൂരിഭാഗത്തിനും കണ്ണിനു ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനാല്‍ ഉള്ള കാഴ്ച പോയേക്കുമെന്ന ആശങ്കയുമുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറെയും പിഎച്ച്‌സി സൂപ്രണ്ടിനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേട്ടിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

യുപിയിലെ ഉന്നാവ് ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിങ്കളാഴ്ച രാത്രി ശസ്ത്രക്രിയ അരങ്ങേറിയത്. അഞ്ചു രോഗികളെ മാത്രം പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള കേന്ദ്രമാണിത്. നേത്ര ശസ്ത്രക്രിയയ്ക്കുവേണ്ട യാതൊരു സൗകര്യവുമില്ല. സംസ്ഥാനത്തു ഗ്രാമീണ മേഖലയില്‍ 12 മണിക്കൂര്‍ മാത്രമേ വൈദ്യുതി വിതരണമുള്ളൂ എന്നതിനാല്‍ രാത്രി ഏഴുമണിയോടെ വൈദ്യുതി നിലച്ചു. ജനറേറ്റര്‍ ഉണ്ടെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി ഡീസല്‍ വാങ്ങുന്ന പതിവില്ല. ഇതോടെ രണ്ടു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി.

ജഗദംബാ സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണു കാന്‍പുരില്‍ നിന്നു സൗജന്യ നേത്രശസ്ത്രക്രിയയ്ക്കായി രോഗികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വെറും തറയിലാണ് ആറു മണിക്കൂറോളം രോഗികളെ കിടത്തിയത്. അസ്വസ്ഥതയെക്കുറിച്ചു പരാതിപ്പെട്ടതോടെ ഇന്നലെ രാവിലെതന്നെ രോഗികളെ വീട്ടിലേക്കു പറഞ്ഞുവിട്ടു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്നു യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.