വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ച് ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നടത്താനിരുന്ന ‘മഹാപഞ്ചായത്തി’െൻറ കൂറ്റൻ പന്തലും വേദിയും ആയിരക്കണക്കിന് കർഷകർ കൈയേറി അടിച്ചുതകർത്തു. വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കളെ ഓടിച്ച കർഷകർ മുഖ്യമന്ത്രിക്കായി ഒരുക്കിയ പ്രസംഗപീഠവും പുറത്തേക്കെറിഞ്ഞു. പൊലീസിെൻറ കണ്ണീർ വാതക -ജല പീരങ്കി പ്രയോഗങ്ങൾ വകവെക്കാതെ മുന്നേറിയ കർഷകരുടെ രോഷത്തിനു മുന്നിൽ മഹാപഞ്ചായത്ത് റദ്ദാക്കലേ ഖട്ടറിന് മാർഗമുണ്ടായിരുന്നുള്ളൂ.
അതിർത്തിയിലെ കർഷക സമരത്തെ നേരിടാൻ ഹരിയാനയിൽ കർണാലിനടുത്ത കെംല ഗ്രാമത്തിലാണ് ബി.ജെ.പി സർക്കാർ പരിപാടി സംഘടിപ്പിച്ചത്. നാല് കിലോമീറ്റർ ദൂരത്തിൽ ബാരിക്കേഡുകൾ കെട്ടി ആയിരത്തിലേറെ പേർക്ക് ഇരിപ്പിടങ്ങളൊരുക്കി സജ്ജമാക്കി വെച്ച ‘മഹാപഞ്ചായത്തി’ലേക്ക് വയലുകൾക്കിടയിലൂടെയാണ് ആയിരക്കണക്കിന് കർഷകർ ആർത്തുവിളിച്ച് ഓടിയെത്തിയത്. സമരക്കാരെ തടയാൻ ഹൈവേയിൽ ബാരിക്കേഡുകളും ട്രെയ്ലറുകളും കൊണ്ട് വിലങ്ങിട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാന മന്ത്രിമാർക്കും മുതിർന്ന ബി.ജെ.പി നേതാക്കൾക്കും വേണ്ടി ഒരുക്കിവെച്ച വി.ഐ.പി കസേരകളെല്ലാം പ്രതിഷേധക്കാർ എറിഞ്ഞുതകർത്തു. തെൻറ കസേര എറിഞ്ഞുതകർക്കുന്നത് കണ്ടാണ് മന്ത്രി ജംഗഡ് സ്ഥലം വിട്ടത്. പരിപാടിയുടെ ശബ്ദസംവിധാനങ്ങളും മാധ്യമങ്ങൾക്കായി ഒരുക്കിയ കമ്പ്യൂട്ടറുകളും പ്രിൻററുകളും എല്ലാം പ്രതിഷേധക്കാർ അടിച്ചുതകർത്തു.
അയൽ ജില്ലകളിൽനിന്ന് പോലും പൊലീസിനെ വരുത്തി വൻ സുരക്ഷസന്നാഹങ്ങളൊരുക്കിയ കർണാൽ പൊലീസ് സൂപ്രണ്ടിനും ഡെപ്യൂട്ടി സൂപ്രണ്ടിനും ഇതെല്ലാം കണ്ടുനിൽക്കേണ്ടിവന്നു. പന്തലും വേദിയുമൊരുക്കിയ വെള്ളിയാഴ്ചതന്നെ തദ്ദേശീയരായ പ്രതിഷേധക്കാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധക്കാരെ ‘മഹാ പഞ്ചായത്തി’ലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രാദേശിക ബി.ജെ.പി നേതാക്കൾ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.
പഞ്ചാബിൽനിന്ന് സമരവുമായി പ്രവേശിച്ചപ്പോൾ തടഞ്ഞതു മുതൽ കർഷകരുമായി നിരന്തരം ഏറ്റുമുട്ടലിെൻറ പാതയിലാണ് ഹരിയാന സർക്കാർ. നേരത്തേ കർഷകരുടെ കരിെങ്കാടി പ്രതിഷേധത്തിൽനിന്ന് പാടുപെട്ടാണ് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ പൊലീസ് രക്ഷിച്ചത്. അന്ന് പ്രതിഷേധിച്ചവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയെങ്കിലും കർഷകർ പിന്തിരിഞ്ഞില്ല.
Leave a Reply