കാരൂർ സോമൻ

സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ ആത്മ കഥ പലർക്കും പ്രയാസമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചിലരുടെ വിലക്ഷണതകളെ കണ്ടിട്ടാണ്. കർമ്മനിരതനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മുൻനിർത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിനിന്റെ നിഴലിൽ നിറുത്തിയത് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പ്രതിപക്ഷത്തിന്റ ഗവേഷണ പദ്ധതിയിൽ സത്യത്തിന് നിരക്കാത്ത നിരവധി കാര്യങ്ങൾ അദ്ദേഹം കണ്ടു. പുസ്തകത്തിലൂടെ പുറത്തു വന്ന ചില യാഥാർഥ്യങ്ങൾ വൈകല്യ മനസ്സുള്ളവർക്ക് മനസ്സിലാകില്ല. ഒരുപക്ഷേ മുഖ്യമന്ത്രി ആഗ്രഹിച്ച മാനസിക വളർച്ച എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. എന്നാൽ കേരളത്തിൽ ഇറങ്ങുന്ന കച്ചവട പുസ്തകങ്ങൾ ഒരു എഴുത്തുകാരൻ ആർജ്ജിച്ചിരിക്കേണ്ട വിജ്ഞാനവുമായി പുലബന്ധമില്ലാത്തതാണ്. ഭാഷ- സാഹിത്യത്തെപ്പറ്റി അറിവും അനുഭവവുമില്ലത്തവർ പുറത്തിറക്കുന്ന പുസ്തകങ്ങൾ ഭാഷയെ അപഹാസ്യമാക്കുന്നു. ഇത്തരത്തിൽ സ്വയംപ്രകാശനം നടത്തുന്നവരെ നമ്മൾ തിരിച്ചറിയേണ്ടതല്ലേ?

ഒരു പൂവ് വിരിയും പോലെ ഭാഷയുടെ സൗന്ദര്യ ഹരിത വിതാനം വിതക്കുന്നവരേയാണ് സാഹിത്യ കാരന്മാർ കവികൾ എന്നറിയപ്പെടുന്നത്. ഒരു കൃതി സാഹിത്യമാകണമെങ്കിൽ അല്ലെങ്കിൽ സൗന്ദര്യപൂർണ്ണമാകണമെങ്കിൽ അതിന് പല ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് ആശയം അല്ലെങ്കിൽ ആദർശം. ആ പ്രതിഭകളുടെ കൃതികൾ ലോക സാഹിത്യത്തിൽ ഇന്നും സുഗന്ധ മന്ദഹാസം പരത്തുന്നു. ഇതിനിടയിൽ മോഹഭംഗം നിറഞ്ഞ കുറെ മനുഷ്യർ എഴുത്തുകാരായി വേഷം കെട്ടി മോഹ നിദ്രയിൽ നിന്നുണർന്ന് സ്വന്തമായോ മറ്റുള്ളവരാലോ എഴുതി കൂട്ടുന്ന അതിശയയോക്തി കലർന്നത് അല്ലെങ്കിൽ സാമൂഹിക പ്രതിബദ്ധതയില്ലാത്ത വിഷയങ്ങൾ പ്രാണനിശ്വാസംപോലെ പുസ്തകങ്ങളായി, വാർത്തകളായി എരിയും പുളിയും നിറഞ്ഞ ഭക്ഷണം പോലെ വായിക്കപ്പെടുന്നു. ചർച്ചകൾ നടത്തുന്നു. ഈ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് പുസ്തകക്കച്ചവടക്കാരും ചാനലുകളു൦ തലച്ചോറില്ലാത്ത സോഷ്യൽ മീഡിയകളുമാണ്. അവർ അതിനെ ആളിക്കത്തിക്കുന്നു. അതിലെ ഓരോ വിഷയങ്ങളും വരികളും ചാറ്റൽ മഴയായി പെരുമഴയായി പെയ്തിറങ്ങി മനുഷ്യ മനസ്സിനെ മുക്കികൊല്ലുന്നു. ഒടുവിൽ പ്രതിക്ഷിച്ചതൊക്കെ ജലോപരിതലത്തിൽ വെളുപ്പിച്ചെടുക്കുന്നു. ഒരു വിഷയത്തെ അല്ലെങ്കിൽ ഒരാശയത്തെ സത്യസന്ധമായി ആവിഷ്കരിക്കാനറിയാത്തവർ ഭാഷയെ വീർപ്പുമുട്ടിക്കുക മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥതയും പടർത്തുന്നു. ഇത്തരം കച്ചവട പുസ്തകങ്ങൾ പലരുടേയും സ്വകാര്യതകളെ ചൂടപ്പം പോലെ വിറ്റു കാശുണ്ടാക്കുന്നു. ഇതെല്ലം കാട്ടുന്നത് ഒരു സുന്ദരിയുടെ ചരണതല സ്പർശനം ചിലർക്ക് ആനന്ദ ലഹരി നൽകുന്നു. രാഷ്ട്രീയ രംഗം മാറ്റിനിർത്തിയാൽ ശിവശങ്കർ എഴുതിയ സത്യവും മിഥ്യയും നിറഞ്ഞ പുസ്തകത്തിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? ഇത് ചിലരുടെ ഉദ്ദിഷ്ടകാര്യങ്ങൾ നേടാനുള്ള ആത്മോന്നധിയുടെ അനിവാര്യതയും വായ്ത്താരിപോരുമല്ലാതെ എന്താണ്?

ആശയങ്ങൾ പ്രകാശിപ്പിക്കാനില്ലാത്തവർക്ക് നാണ്യവും ശബ്ദവും കൊടുക്കുന്നത് മറ്റുള്ളവരുടെ മനസ്സ് സംഘർഷമാക്കാനാണ്. സത്യങ്ങൾ മറച്ചുപിടിച്ചു് ഒരേ ഈണത്തിൽ പാടുന്നതുപോലെ ചാനൽ ചർച്ചകളിൽ ഇവരുടെ വാക്കുകൾ ചേരുവകൾ നിറച്ചു ഒരേ ഇണത്തിലാണ്. ഓരോരുത്തരുടെ കച്ചവട താല്പര്യങ്ങളും വിഷയങ്ങളുടെ ദാരിദ്ര്യവും വിശപ്പും ദാഹവും ഇതിലൂടെ വെളിപ്പെടുന്നു. ഈ സമയം മനസ്സിലേക്ക് വന്നത് മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായിരുന്ന ആത്മീയാചാര്യൻ ശ്രീശങ്കരാചാര്യർ സൂത്ര- ഭാഷ്യത്തെപറ്റി പറയുന്നത് ജഗത്തിന്റെ പരമകാരണമായ ബ്രഹ്മത്തെക്കുറിച്ചാണ്. അതിൽ കാലത്തിനനുസരിച്ചു് പലതും മാറ്റി മറിക്കാൻ അധികാരത്തിലുള്ളവർക്ക് അവകാശമുണ്ട്. ആ സൂത്രവും ഭാഷ്യവും പഠിച്ച നമ്മുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ വ്യക്തിപരമായ അടുപ്പം വെച്ചാണ് ദുബായിലേക്ക് ഗൾഫ് സുന്ദരിക്കൊപ്പം നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ തീരുമാനിച്ചത്. ആ കാര്യത്തിൽ ഞാനും സ്വപ്‍നക്കൊപ്പമാണ്. ഒരു പെണ്ണിന് മധുര വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത് ആണത്വമുള്ള പുരുഷന്മാർക്ക് ചേർന്ന പണിയല്ല. പ്രണയസാഗരത്തിൽ ധ്യാനനിമഗ്നരായി കിടക്കുന്നവർക്ക് സ്വപ്‍ന ഇതിലൂടെ ഒരു താക്കിത് നൽകുന്നു. പ്രണയം അമൃതായി തോന്നും. അപകടം അതിൽ ഒളിഞ്ഞിരിക്കുന്നു. പ്രാണൻ പോയാലും മാനം കളയരുത്.

WhatsApp Image 2024-12-09 at 10.15.48 PM

സ്വപ്നക്ക് നഷ്ടപ്പെട്ട പെൺബുദ്ധി ഇനിം ആന വലിച്ചാലൂം തിരിക വരില്ല. പ്രാവ് വെടിഞ്ഞ കുടു പോലെ ആ ഹ്ര്യദയം ശൂന്യമായി. ഇനിയും ആ കൂട്ടിലേക്ക് ചേക്കേറുന്ന പാമ്പ്, പ്രാവ് ആരെന്നറിയില്ല. ഇനിയും പ്രണയപ്രഹരത്തിന് പിറകെപോയിട്ട് കാര്യമില്ല. രണ്ട് പേരും കേരള വികസനത്തിന് ഈന്തപഴം വഴിയോ ലൈഫ് മിഷൻ വഴിയോ പദ്ധതിയിട്ടതാണ്. എത്രയോ കോടികൾ ശത്രുക്കൾ നശിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിലുടെ പാവം പ്രളയബാധിതർക്ക് കിട്ടേണ്ട വീടുകൾ അട്ടിമറിച്ചവരെ, കമ്മീഷൻ വാങ്ങിയവരെ നിയമത്തിന്ന മുന്നിൽ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഓരോരോ പേരുകളിൽ എത്രയോ പേർ എത്രയോ കോടികൾ കിശയിലാക്കുന്നു. ഇത് വല്ലതും പ്രളയത്തിൽ മുങ്ങിപ്പോയ പാവങ്ങൾ അറിയുന്നുണ്ടോ?

“അശ്വത്ഥാമാവ് വെറും ഒരു ആന”എന്ന ആന വഴി എന്തെല്ലാം മലയാളികൾ പ്രതിക്ഷിച്ചു. നിർഭാഗ്യവശാൽ ആന മെലിയുക മാത്രമല്ല ചെരിഞ്ഞു പോയി. ആനയെ മുൻനിർത്തി കാശാക്കാൻ നോക്കിയവർ ഇപ്പോൾ ആനപ്പിണ്ഡത്തെവരെ ഭയക്കുന്നു. ഇങ്ങനെ സമൂഹത്തെ ആകർഷിക്കാൻ സ്വന്തം കയ്യിലിരിക്കുന്ന കാശുകൊടുത്തു് പുസ്തകം പടച്ചിറക്കി സ്ഥലം എം.എൽ.എ.വിളിച്ചു് പ്രകാശനം നടത്തി പത്രക്കാരന് കള്ളും കാശു൦ കൊടുത്തു് പത്രവാർത്ത വരുത്തി ഞെളിഞ്ഞു നടക്കുന്നവർ ധാരാളമുണ്ട്. ഇതൊക്കെ കാണുമ്പൊൾ ഓർമ്മ വരുന്നത് 2018 ൽ ഇതുപോലെയൊരു വാർത്ത ഞാനും കണ്ടു. നാലര പേജ് ഇന്റർനെറ്റ് ഞാൻ കോപ്പി ചെയ്തു എന്നതിന്റെ പേരിൽ ഒരാൾ ചോദിച്ചത് ഒരു കോടി രൂപ. അത് പത്ര വാർത്തയാക്കി. ആ വാർത്ത കള്ളും കോഴിക്കാലും കീറിമുറിച്ചു് കാശുo വാങ്ങി ഒരു പത്ര റിപ്പോർട്ടർ എഴുതിവിട്ടത് എന്റെ അൻപത് പുസ്തകങ്ങളിൽ 38 പുസ്തകങ്ങൾ കോപ്പിയടിച്ചത്. 2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് റിപ്പോർട്ട് ചെയ്യുമ്പോഴാണ് എന്റെ ഒരു ഒളിമ്പിക്‌സ് ഇൻഫോർമേറ്റീവ് പുസ്തകം “കളിക്കളം” ആദ്യമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കുന്നത്. 2018 ന് മുൻപ് വിരലിൽ എണ്ണാനുള്ള വൈഞ്ജാനിക പുസ്തകങ്ങളാണ് എനിക്കുള്ളത്. അൻപത് പുസ്തകങ്ങളുമില്ല. ഈ വ്യാജ വാർത്ത കൊടുത്ത മദ്യപാനിയെ കോടതിയിൽ വെള്ളം കുടിപ്പിക്കാനുള്ള അവസരം നാട്ടിലെ ഒരു പാർട്ടിയുമായി ബന്ധമുള്ളവർ തടഞ്ഞു. കേരളത്തിലെ ചില പത്രങ്ങളും അവരുടെ വ്യാജ വാർത്തകളും ഒന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.

ഭാഷ സാഹിത്യത്തെ സംബന്ധിച്ചു് എഴുതിക്കൂട്ടുന്നതെല്ലാം സാഹിത്യമോ പുസ്തകമോ ആകില്ല. പല മാനങ്ങളിലൂടെയാണ് സാഹിത്യ പ്രതിഭകൾ, എഴുത്തുകാർ, എഴുത്തുകൾ രൂപപ്പെടുന്നത്. അത് ഒരു സുപ്രഭാതത്തിൽ മുളച്ചു വരുന്നതല്ല. എഴുത്തുകളിൽ കൊള്ളേണ്ടത് തള്ളേണ്ടത് ഇവർക്കറിയില്ല എന്ന് തോന്നാറുണ്ട്. സാഹിത്യ ശില്പശാലകളോ സാഹിത്യ രംഗത്തെ ഗുരുക്കന്മാരോ ഇവർക്കില്ല. ഇതെല്ലം കണ്ട് അമ്പരന്നിരിക്കുന്ന സർഗ്ഗ പ്രതിഭകളുമുണ്ട്. ഏതൊരു സാഹിത്യ സൃഷ്ടിയും എഴുത്തുകാരന്റെ ആത്മാവിൽ ആളിപ്പടരുന്ന അനുഭൂതിയാണ്. ആ ദിവ്യാനുഭുതി നിറഞ്ഞ സൗന്ദര്യധാരയുടെ പ്രവാഹം ഇന്ന് കുറഞ്ഞിരിക്കുന്നു. അതിന് പ്രധാന കരണങ്ങളായുള്ളത് ഇന്നത്തെ സോഷ്യൽ മീഡിയയും സ്വാധിന വലയത്തിലൂടെ പുസ്തകങ്ങളിറക്കുന്ന പുരസ്‌കാരങ്ങൾ കൊടുക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും മാധ്യമങ്ങളുമാണ്. സാഹിത്യ സാംസ്കാരിക പക്ഷത്തേക്കാൾ ഇന്നുള്ളത് എഴുത്തുകാർ ഓരോ പാർട്ടികളായി പക്ഷങ്ങളായി മാറി കുതന്ത്രങ്ങളിലൂടെ അധികാരസ്രേണികളിൽ കയറുകയും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും അവരുടെ പുസ്തകങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമാണ്. ഇതിലൂടെ അർഹരായ എഴുത്തുകാർ തള്ളപ്പെടുന്നു. അതിനെ തള്ളിപറയാനോ എതിർക്കാനോ ആരും മുന്നോട്ട് വരുന്നില്ല. സാംസ്കാരിക രംഗത്ത് നടക്കുന്ന ഈ ചുഷണം സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. ഭാഷ സാഹിത്യത്തിന്റെ പൊതുബോധത്തെ ഓരോ പക്ഷത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് അനീതിയാണ്. നാം നേടിയെടുത്ത അക്ഷര വെളിച്ചം നിരക്ഷരതയിലേക്ക് കൂപ്പുകുത്തുകയാണോ?

ശ്രീശങ്കരാചാര്യർ ആത്മാവിന്റെ ദിവ്യശക്തികൊണ്ട് പ്രപഞ്ചത്തെ തിരിച്ചറിഞ്ഞപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയുടെ സൗന്ദര്യ ലഹരിയിൽ തിരിച്ചറിവുള്ളനായി മാറി. പ്രതിപക്ഷ പാർട്ടികൾ സകല ശക്തികളുമെടുത്തു് പ്രതിരോധിച്ചെങ്കിലും സർക്കാരിന്റെ അവതാരമായ ശിവശങ്കറെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തിരികെ വകുപ്പ് തലവനായി ജോലിയിൽ പ്രവേശിച്ചപ്പോൾ മനസ്സിലായി. അത് വെറുതെയല്ല സത്യം സർക്കാരിന് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഏത് സർക്കാരായാലും മനുഷ്യരുടെ വ്യക്തിബന്ധങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. അതുമല്ല ഈ സെക്രട്ടറി വഴി സർക്കാരിന് പേരുദോഷമല്ലാതെ ഒരു ഗുണവും ലഭിച്ചില്ല. ജയിലിൽ കിടന്ന സ്വപ്‍ന നവരാത്രിയാഘോഷം പോലെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടൂ. പ്രതികാരബുദ്ധിയോടെ ജയിലിൽ കിടന്ന വേദനകളകറ്റാൻ ഒളിപ്പിച്ചു വെച്ചതെല്ലാം പുറത്താക്കി. ശിവശങ്കർ വായിലൊഴിച്ചുകൊടുത്ത പാലും തേനും ഇപ്പോൾ കായ്പ്പായി മാറി. ആദ്യം നടപ്പാക്കിയ അധികാര യന്ത്ര൦ ഇപ്പോൾ തുരുമ്പ് പിടിച്ചിരിക്കുന്നതിനാൽ ഇനിയും തന്ത്രങ്ങൾ മാത്രമേ ശിവശങ്കറിന്റെ കൈവശമുള്ളു. 175 പേജുകളുള്ള ആന പുസ്തകത്തിൽ പറഞ്ഞെതെല്ലാം കള്ളം എന്നും അതിനേക്കാൾ വലുപ്പമുള്ള പുസ്‌തകം വേണ്ടിവന്നാൽ ഇറക്കുമെന്ന് ശിവശങ്കറിന്റെ സ്വപ്ന സുന്ദരി പറഞ്ഞപ്പോൾ കേരളത്തിലെ പഠനനിലവാരം മെച്ചപ്പെടുത്താനല്ലെന്ന് എല്ലാവർക്കുമറിയാം. ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ച പഴ പുസ്തകങ്ങൾ, കൂടെ നടന്ന് കുതികാൽ വെട്ടുന്നവരുടെ, കന്യാസ്ത്രീകളുടെ കിടപ്പറ രഹസ്യങ്ങൾ വായിക്കാനാണ് ചില തല്പര കക്ഷികൾക്ക് താൽപര്യമെന്ന് തോന്നുന്നു. ഇങ്ങനെ ഭാഷയെ ജൈവ – അജൈവ സംരക്ഷണ ശാലകളുണ്ടാക്കി പേരിനും പെരുമക്കും നടത്തുന്ന വിഭ്രാന്ത ഭാവനകളെ പുസ്തകമാക്കി പുതുതലമുറയുടെ ജ്ഞാന മണ്ഡലം നശിപ്പിക്കരുത്. ഭാഷ സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്ന അനുഭൂതി സാമഗ്ര്യത്തെ പ്രദാനം ചെയ്യാൻ ഭാവനയില്ലാത്തവർ അവരുടെ മനോമാലിന്യങ്ങളെ തള്ളി വിട്ട് അസഹിഷ്ണതയുണ്ടാക്കരുത്.