അഞ്ചുതെങ്ങ് കോട്ടയും കണ്ടൽക്കാടുകളുമെല്ലാം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാക്കി അഞ്ചുതെങ്ങിൽ ഇനി ടൂറിസത്തിന്റെ ഹരിതവനം ഒരുങ്ങും. തീരപ്രദേശത്തെയും കണ്ടൽച്ചെടികളെയും സംരക്ഷിക്കുന്നതിനുള്ള ഹരിതവനം പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അഞ്ചുതെങ്ങ് പഞ്ചായത്ത്.
കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിനൊപ്പം പ്രദേശത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നേരത്തെ അഞ്ചുതെങ്ങ് തീരത്തുണ്ടായിരുന്ന കണ്ടൽച്ചെടികൾ തീരത്തിന് സ്വാഭാവിക സംരക്ഷണമൊരുക്കിയിരുന്നു. ഇവ നശിപ്പിക്കപ്പെട്ടത് കായലോരം ഇടിയുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമായതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാരപദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. വ്യാപാര ആവശ്യത്തിനായി ആറ്റിങ്ങൽ റാണി നൽകിയ സ്ഥലത്ത് ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുമ്പ് പണിതതാണ് അഞ്ചുതെങ്ങ് കോട്ട. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് പൈതൃക വൃക്ഷമായി അംഗീകരിച്ചതും 260 വർഷം പഴക്കമുള്ളതുമായ രണ്ട് ചെമ്പകമരങ്ങളാണ് ചെമ്പകത്തറയിലെ പ്രധാന ആകർഷണം.
ഇവിടെ ഒരു ചിത്രശലഭ പാർക്കും ഔഷധസസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും അടിയന്തരമായി ഒരുക്കും. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലെത്തിയാൽ സ്‌മാരകവും കായൽഭംഗിയും ആസ്വദിക്കാം. ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജും പദ്ധതിയുടെ ഭാഗമായി ഉടൻ ആരംഭിക്കും.
കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നടാനാണ് പദ്ധതി. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ ലഭ്യമാക്കുന്നത്. ഇവ മുളപ്പിക്കുന്നത് മുതൽ കണ്ടലുകളുടെ പരിപാലനം വരെ തൊഴിലുറപ്പ് പ്രവർത്തകർക്കാണ്. രണ്ട് മുതൽ എട്ടുവരെ വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് ചെടികൾ വളർത്തുന്നത്.
പ്രകൃതി സംരക്ഷണത്തിലുപരി പദ്ധതിയിലൂടെ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നൽകാൻ കഴിയുമെന്നും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പറഞ്ഞു.
മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറും.
Leave a Reply