യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.
താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകൾക്ക് അക്രമം നടത്തുന്നവരെ സംഘടനകൾ സംരക്ഷിക്കരുതെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനും വിജയ് ബാബു എത്തിയിരുന്നു.
Leave a Reply