ന്യൂഡൽഹി: മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. ഒരുവർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും.
രാഷ്ട്രപതി ഭരണത്തിന് ശേഷം സർക്കാർ രൂപവത്കരണത്തിനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിരുന്നു. ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ്ങിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതോടെയാണ് കാര്യങ്ങൾ അന്തിമഘട്ടത്തിലെത്തിയത്. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ബുധനാഴ്ച ഗവർണറെ കണ്ടു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ പുതിയ ഉപമുഖ്യമന്ത്രിയാകും.
2017-ലും 2022-ലും യുംനം ഖേംചന്ദ് സിങ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017-ൽ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം 2022-ലെ എൻ. ബിരേൻസിങ് സർക്കാരിൽ മന്ത്രിയായിരുന്നു. വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ 2025 ഫെബ്രുവരി 9-ന് മുഖ്യമന്ത്രി എൻ. ബിരേൻസിങ് രാജിവെച്ചതിനെ തുടർന്നാണ് ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. നിയമസഭ പിരിച്ചുവിടാതെയാണ് അന്ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നത്.











Leave a Reply