ഫാ. ഹാപ്പി ജേക്കബ്ബ്
ഒരു നോമ്പ് കാലം കൂടി ആരംഭിക്കുകയാണ്. ദൈവത്തെ അറിയുന്ന മനുഷ്യൻറെ ലക്ഷണമാണ് ദൈവത്തോട് ഒപ്പം ഉള്ള ജീവിതം. എല്ലാ ദൈവാനുഗ്രഹങ്ങൾ നാം അനുഭവിക്കുമ്പോഴും ദൈവിക ജീവിതങ്ങളെ മറക്കുന്നത് എല്ലാ കാലങ്ങളിലും മനുഷ്യൻ ചെയ്തിട്ടുള്ളതാണ്. എന്നാൽ കാലാകാലങ്ങളിൽ മനുഷ്യനെ തിരിച്ച് വരുവാൻ ദൈവം അവസരങ്ങൾ നൽകിയിട്ടുണ്ട്. ചിലർക്ക് അത് ദൈവത്തെ അറിയുവാനുള്ള കാലമാണ്. എന്നാൽ ചിലർ മറുതലിച്ച് നാശത്തിലേക്ക് പോകുന്നു. ഈ കാലത്തിൽ നാം ഈ അവസ്ഥ പരിശോധിക്കുമ്പോൾ മറുതലിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നതായി കാണുന്നുണ്ട്. കേവലം രൂപത്തിൽ മാത്രമല്ല ഭാവത്തിലും മനുഷ്യത്വം വിളങ്ങുന്നവർ ഉണ്ടായിവരണമെങ്കിൽ ദൈവ ഭയം എന്തെന്ന് അന്വേഷിക്കുകയെങ്കിലും വേണം. അത്തരത്തിലുള്ള അന്വേഷണ കാലം ആണ് നോമ്പ് കാലം. ഭക്ഷണത്തിൽ മാത്രമല്ല പ്രാർത്ഥനയിലും ജാഗരണത്തിലും നോമ്പ് കാരണമാകണം. അതാണ് ശുദ്ധമുള്ള നോമ്പ്.
കർത്താവ് തന്റെ പ്രേഷിത പ്രവർത്തനത്തിന്റെ നന്ദിയായി ചെയ്ത അത്ഭുതമാണ് കാനായിൽ കല്യാണവീട്ടിൽ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്. വി. യോഹന്നാൻ 2: 1- 11. ആനന്ദഭരിതമായ അവസ്ഥയാണല്ലോ വിരുന്ന് ഭവനത്തിൽ നാം കാണുന്നത്. അതിനിടയിൽ ഏവരും ലജ്ജിതരായ അനുഭവം ആണ് അവിടെ വീഞ്ഞ് തീർന്നത് ലായനിയിലൂടെ സംഭവിച്ചത് . യഹൂദ ജനനത്തിന് വീഞ്ഞ് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. ഈ കുറവ് മൂലം എല്ലാ ആഘോഷങ്ങളും അതിൻറെ ആനന്ദമോ നഷ്ടപ്പെട്ടു . എന്നാൽ ആ കുറവ് തന്നെയാണ് ആരംഭമായി മാറ്റപ്പെട്ടത്. നോമ്പിൻറെ ആരംഭ ദിനം നമുക്ക് നൽകുന്ന പാഠം ഇതാണ്. മനുഷ്യരുടെ മുൻപിൽ കുറവും ഇല്ലായ്മയും വല്ലായ്മയും നമ്മെ ഭരിച്ചിരിക്കാം. എന്നാൽ ആ കുറവ് ദൈവത്തിന് പ്രവർത്തിക്കുവാനുള്ള അവസരമായി വിട്ട് കൊടുക്കാം.
ഒന്നാമതായി പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യവും പ്രവർത്തനവും ശ്രദ്ധിക്കാം. മറ്റാരെക്കാളും മുൻപേ അവൾ ആവശ്യം തിരിച്ചറിഞ്ഞു. ശാന്തമായും, കരുണയോടും, വിശ്വാസത്തോടും, അവൾ ദൈവപുത്രൻ്റെ സന്നിധിയിലായി ഉണർത്തിച്ചു. അവൻ കരുണ ചെയ്തു. ഇത്രയേ വേണ്ടൂ. എന്തെല്ലാം കുറവും അപമാനവും രോഗവും വന്നോട്ടെ. ദൈവ മുമ്പാകെ സമർപ്പിക്കു. അവൻ നമ്മുടെ വരവിനായി കാത്തിരിക്കുന്നു.
രണ്ടാമതായി യേശു ദാസന്മാരോട് പറയുന്നു, വക്കോളവും കോരി നിറയ്ക്കുവാൻ. അവർ അനുസരിച്ചു. സാധാരണ വെള്ളം മേൽത്തരമായ വീഞ്ഞായി രൂപാന്തരപ്പെട്ടു. ഇത് അനുസരണവും പരിവർത്തനവും പഠിപ്പിക്കുന്നു. നമ്മുടെ സാധാരണ ജീവിതം, പ്രാർത്ഥന, ഉപവാസം, മാനസാന്തരം, ഒരുക്കം ഇതെല്ലാം പൂർണ്ണതയിൽ എത്തണമെങ്കിൽ ദൈവത്തോട് ചേരണം ; അപ്പോൾ അവ കൃപയായി രൂപാന്തരപ്പെടും.
മൂന്നാമതായി വിരുന്ന് വഴി പറയുന്നു ; ഇത്ര മേൽത്തരം വീഞ്ഞ് നീ കരുതിയല്ലോ. ഇതൊരു പാഠം ആണ്. ക്രൈസ്തവ ബലം നൽകുന്നത് ഉള്ള അവസ്ഥയോ സാധാരണ ചിന്തനിയമായ അവസ്ഥയോ അല്ല; അതിലും മേൽത്തരം ആണ് ലഭിക്കുന്നത്. വരൾച്ച ഉള്ളിടത്ത് സമൃദ്ധിയും, ലജ്ജയുള്ളിടത്ത് ബഹുമാനവും, ശൂന്യത ഉള്ളിടത്ത് പൂർണ്ണതയും ദൈവം നമുക്ക് നൽകും.
നോമ്പിന്റെ ഈ ആരംഭ ദിനത്തിൽ ശൂന്യമായ പാത്രവും, അതിൽ പകർന്ന വെള്ളവുമാണ് എന്ന തോന്നൽ നമുക്ക് ഉണ്ടെങ്കിൽ അതിൽ വിശ്വാസവും പ്രാർത്ഥനയും നിറയ്ക്കാം . അവന്റെ കൃപ നമ്മെ ആനന്ദത്തിന്റെ വീഞ്ഞാക്കി മാറ്റും. ഇനി ജീവിതം മേൽത്തരമാവട്ടെ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907











Leave a Reply