ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയ സംഭവവികാസങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും വിവാദത്തിൽ ആക്കിയിരിക്കുകയാണ് . 2019-ൽ തന്നെ, അന്നത്തെ പ്രിൻസ് ഓഫ് വെയിൽസായിരുന്ന ചാൾസ് മൂന്നാമന് യോർക്ക് ഡ്യൂക്കായ ആൻഡ്രുവിന്റെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാമായിരുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ആൻഡ്രുവിന്റെ സംശയാസ്പദമായ വ്യാപാരബന്ധങ്ങളെക്കുറിച്ച് ഒരു രഹസ്യ വിവരദാതാവ് ഇമെയിൽ മുഖേന മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . രാജകീയ നിയമോപദേശകരിലൂടെ കൈമാറിയ സന്ദേശത്തിൽ വിവാദ ധനകാര്യപ്രവർത്തകനായ ഡേവിഡ് റോളൻഡുമായുള്ള ബന്ധം രാജകുടുംബത്തിന്റെ പേരിന്റെ ദുരുപയോഗത്തിനിടയാക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. “കുടുംബത്തെക്കാൾ റോളൻഡുമായുള്ള ബന്ധത്തെയാണ് ആൻഡ്രു മുൻഗണന നൽകുന്നത്” എന്നതടക്കമുള്ള പരാമർശങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുകൂടാതെ ലക്സംബർഗിലെ റോളൻഡിന്റെ സ്വകാര്യ ബാങ്കിന് ബാങ്കിംഗ് അനുമതി നേടാൻ സഹായിച്ചതിന് പ്രതിഫലം നൽകിയെന്ന ആരോപണവും ഉയർന്നു. 2001 മുതൽ 2011 വരെ സർക്കാർ നിധിയിൽ നിന്നുള്ള വ്യാപാര ദൂതനായിരുന്ന കാലത്ത് ചൈനയിലും മുൻ സോവിയറ്റ് രാഷ്ട്രങ്ങളിലുമുള്ള ഔദ്യോഗിക സന്ദർശനങ്ങളിൽ റോളൻഡും മകൻ ജോനാഥനും പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . മുൻഭാര്യ സാറാ ഫെർഗ്യൂസനുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായവും 1.5 മില്യൺ പൗണ്ട് വായ്പ തീർപ്പാക്കലും റോളൻഡ് നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും റോളൻഡ് തള്ളിക്കളഞ്ഞു.

ഇതിനിടെ, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ആൻഡ്രുവിന്റെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ശക്തമാകുകയാണ് . ഔദ്യോഗിക സ്ഥാനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സംശയത്തിന്റെ അടിസ്ഥാനത്തിൽ ആൻഡ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചതായി റിപ്പോർട്ടുകളുണ്ട്. അന്വേഷണം തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. രാജകുടുംബാംഗങ്ങൾ അന്വേഷണവുമായി സഹകരിക്കണമെന്ന് അഭിഭാഷക ഗ്ലോറിയ ആൽറഡ് ആവശ്യപ്പെട്ടു. സിംഹാസനാവകാശ നിരയിൽ എട്ടാം സ്ഥാനത്തുള്ള ആൻഡ്രുവിനെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ആരോപണങ്ങൾ എല്ലാം ആൻഡ്രു നിഷേധിച്ചിട്ടുണ്ട്.