ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂവിനെ സിംഹാസനാവകാശ നിരയിൽ നിന്ന് നീക്കുന്നതിനുള്ള നിയമനടപടികൾക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിന് എതിർപ്പില്ലെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു. പൊതുപദവിയിലെ ദുരുപയോഗം സംബന്ധിച്ച സംശയത്തെ തുടർന്നാണ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം രാജാവിന് പിന്നാലെ എട്ടാമനായി അവകാശ നിരയിൽ തുടരുകയാണ്. ഈ വിഷയത്തിൽ നിയമം കൊണ്ടുവരാൻ ജനപ്രതിനിധി സഭയുടെയും പ്രഭുസഭയുടെയും അംഗീകാരവും തുടർന്ന് രാഷ്ട്രീയ സമ്മതവും ആവശ്യമാണ്. നിയമനടപടികൾക്ക് ചാൾസ് രാജാവ് തടസ്സമാകില്ലെന്ന നിലപാടിലാണ് എന്നാണ് വിവരം. കൂടാതെ രാജാവിനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന പതിനാലു രാജ്യങ്ങളുടെ പിന്തുണയും അനിവാര്യമാണ്.

അമേരിക്കൻ അന്വേഷണ ഏജൻസികൾ പുറത്തുവിട്ട രേഖകളിൽ ബാലലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ശക്തമായി ഉയർന്നതോടെ ആണ് വിവാദങ്ങൾക്ക് ചൂടുപിടിക്കുകയും അന്വേഷണം വേഗത്തിലാകുകയും ചെയ്തത് . 2019 ൽ ബിബിസി ന്യൂസ് നൈറ്റ് പരിപാടിയിലെ ആൻഡ്രൂവിന്റെ അഭിമുഖത്തിന് ശേഷം അദ്ദേഹം ചുമതലകളിൽ നിന്ന് പിൻമാറിയിരുന്നു. 2022 – ൽ എപ്സ്റ്റീൻ്റെ ഇരയായിരുന്ന വിർജീനിയ ഗ്യൂഫ്രെയുമായി ഏകദേശം പന്ത്രണ്ട് ദശലക്ഷം പൗണ്ടിൻ്റെ ഒത്ത് തീർപ്പിൽ എത്തിയെങ്കിലും ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് രാജകീയ ബഹുമതികളും പദവികളും നീക്കപ്പെട്ടെങ്കിലും അവകാശനിരയിലെ സ്ഥാനം തുടർന്നു.

വിൻഡ്‌സിലെ രാജവസതികളിൽ അദ്ദേഹത്തിൻ്റെ താമസസ്ഥലങ്ങളിൽ തേംസ് വാലി പോലീസ് നടത്തിയ പരിശോധന തുടരുകയാണ്. പതിനൊന്നു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തണമോയെന്ന കാര്യത്തിൽ നിയമോപദേശം ഇനിയും തേടാനുള്ളതായി അന്വേഷണസംഘം വെളിപ്പെടുത്തി . 1647 – ലെ ആഭ്യന്തര യുദ്ധകാലത്ത് പിടിക്കപ്പെട്ട ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനുശേഷം അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ബ്രിട്ടീഷ് രാജകുടുംബമാണ് ആൻഡ്രൂ എന്നത് സംഭവത്തിന് ചരിത്ര പ്രാധാന്യവും നൽകുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ആശ്രയിച്ചായിരിക്കും തുടർനടപടികൾ എന്ന നിലപാടിലാണ് ഭരണകൂടം.











Leave a Reply