ഫാ. ഹാപ്പി ജേക്കബ്ബ്
വലിയ നോമ്പിലെ മൂന്നാം ആഴ്ച ചിന്തനീയമായിരിക്കുന്നത് വി. മാർക്കോസിന്റെ സുവിശേഷം 2:1- 12 വരെയുള്ള വാക്യങ്ങളാണ്. ആത്മീകമായും ശാരീരികമായും തളർന്ന് പോകുമ്പോൾ കരുതുവാനും കൂടെ കൂട്ടുവാനും ആരെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും വിടുതൽ ഉണ്ടാവും. ആ നല്ല നാലുപേർ ആകുവാൻ നമുക്ക് കഴിയില്ലേ ; ഒരു ചോദ്യമായി നമ്മോട് തന്നെ ചോദിക്കുക അതത്ര സാധ്യമായ കാര്യമല്ല . കാരണം നമുക്ക് വിശ്വാസ സ്ഥിരത ഇല്ലാതിരിക്കേ എങ്ങനെ മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരുവാൻ കഴിയും. അത്തരത്തിൽ നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറേണ്ട ചിന്തയാണ് ഈ വേദഭാഗം നമുക്ക് തരുന്നത്. ശയ്യാവലംബിയായ ഈ മനുഷ്യൻ പാപം കൊണ്ട് ദുർബലമായ മനുഷ്യജീവിതത്തിന്റെ പ്രതീകമാണ്. പ്രബലന്മാരെന്ന് ധരിക്കുമ്പോഴും നോമ്പിൽ നാം സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ബലഹീനതയും കുറവും എത്രയേറെയുണ്ടെന്ന് ബോധ്യപ്പെടും. വിട്ടുമാറാൻ കഴിയാത്ത ശീലങ്ങൾ, ഉപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ള അഹങ്കാരം, ധാരാളിത്വവും, നിരന്തരം അർപ്പിക്കുവാൻ പറ്റാതെ പോകുന്ന പ്രാർത്ഥന ഇവയെല്ലാം ഉദാഹരണങ്ങളാണ്. നോമ്പ് ഏകാന്ത അനുഭവങ്ങൾ നൽകുന്നവയാണ് എങ്കിലും നോമ്പിലെ യാത്ര ഏകാന്തമല്ല. സഹജീവികളോടും പ്രകൃതിയോടും താദാത്മ്യപ്പെട്ട് മുന്നോട്ട് പോകുന്നു. നാല് സുഹൃത്തുക്കൾ തങ്ങൾക്കുള്ള വിശ്വാസം ചേർത്ത് പിടിച്ച് , രോഗിയുടെ വിശ്വാസവും,പ്രതീക്ഷയും കൂടിച്ചേരുമ്പോൾ ദൈവം മുമ്പാകെ എത്തുവാനുള്ള ശക്തി ലഭിക്കും. അതുപോലെതന്നെയാണ് നോമ്പുകാലങ്ങളിലെ പ്രാർത്ഥനയും ഉപവാസവും സഹനവും ഏത് വിശ്വസിക്കും മുതൽ കൂട്ടാകുന്നത്. ഇതിനും അപ്പുറമായി നമ്മുടെ വിശ്വാസം ശക്തിപ്പെടേണ്ടിയിരിക്കുന്നു. നിൻറെ വിശ്വാസം കണ്ടിട്ട്, എന്റെ വിശ്വാസം കണ്ടിട്ട് നമ്മുടെ ഇടയിലുള്ളവർക്ക് സൗഖ്യവും കൃപയും സാധ്യമാകണം. ഈ ചിന്ത നമുക്ക് തരുന്നത് നാം ഒറ്റക്കാകുമ്പോൾ തളർന്ന് പോകുവാനുള്ള സാധ്യത ഏറുന്നു എന്നാൽ പരസ്പര പൂരിതമായ ബന്ധം വിശ്വാസ സ്ഥലത്തേയ്ക്ക് സാധ്യമായ അവസരം നൽകുന്നു.
ശരീരബന്ധനങ്ങളേക്കാൾ നമ്മെ തളർത്തുന്നതിന് ആത്മീക മാനസിക ബലഹീനതകളും, ഒറ്റപ്പെടുത്തലുകളും, വീഴ്ചകളുമാണ്. നാല് പേർ അവരുടെ പ്രയത്നത്തിൽ എത്തപ്പെട്ടുവെങ്കിൽ മകനേ നിൻറെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നാണ് കർത്താവ് അരുളി ചെയ്തത് . ശരീര സൗഖ്യത്തിനേക്കാൾ ആത്മീക സൗഖ്യമാണ് വലുതെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് കാരണമില്ലാതെ പൊടുന്നനെ പല രോഗങ്ങളും മരണവും നാം കണ്ട് കൊണ്ടിരിക്കുന്നു. പല പരിശോധനകളിലും രോഗ കാരണത്തെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. ആത്മീക തലങ്ങളിലുള്ള ശോഷണവും, മാനസിക ആരോഗ്യം നിലനിർത്തുവാൻ കഴിയാതെ പോകുന്നതും, ക്ഷണികമായ വിടുതലിനു വേണ്ടി ആശ്രയിക്കുന്ന പലതും കൊണ്ടെത്തിക്കുന്ന വിപത്തുകളും എല്ലാം കാരണങ്ങളല്ലേ.
ഈ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, രൂപാന്തരീകരണത്തിലൂടെ പുതിയ സൃഷ്ടിയായി തീർക്കുകയും ചെയ്ത് തന്റെ അധികാരം നമുക്ക് വെളിപ്പെടുത്തി തന്നു; എഴുന്നേൽക്ക , കിടക്ക എടുത്ത് നടക്ക. താൻ ആരാൽ ആശ്രിതനായി വന്നുവോ അതിനെ ചുമലിലേറ്റി തിരികെ പോകുന്ന അനുഭവം അത്ഭുതം തന്നെ അല്ലേ.
നമ്മോട് തന്നെ ചോദിക്കുക. എവിടെയാണ് പക്ഷാഘാതം, എവിടെയാണ് അലസത, എവിടെയാണ് വിരോധം, എവിടെയാണ് ആത്മിക അലസത . കടന്ന് വരുവാൻ കഴിയാത്തവർക്ക് നാം മുഖാന്തിരങ്ങളാകണം. സഭയുടെ ധർമ്മ വാഹകർ നാമായിരിക്കണം.
ഇനി നാം തളർന്നവരല്ല, ആത്മീക ബലത്താൽ സൗഖ്യപ്പെട്ടും, അനേകർക്ക് സൗഖ്യദാനം നൽകുന്നവരും നാമായിരിപ്പാൻ നോമ്പ് നല്ല ചിന്തകളെ നമുക്ക് നൽകുവാൻ പ്രാർത്ഥിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
https://youtube.com/@aalap-123?si=v2Kfhv6Vn3926qKX











Leave a Reply