ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ നിർദേശപ്രകാരം എത്തിക്സ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ലേബർ എംപിയും കാബിനറ്റ് ഓഫിസ് മന്ത്രിയുമായ ജോഷ് സൈമൺസ് രാജിവച്ചു. വെറും 32 വയസ്സിൽ മന്ത്രിസ്ഥാനത്തെത്തിയ സൈമൺസ് പാർട്ടിയിലെ ഉയർന്നുവരുന്ന യുവമുഖങ്ങളിലൊരാളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എംപിയാകുന്നതിന് മുൻപ് അദ്ദേഹം നേതൃത്വം നൽകിയ ‘ലേബർ ടുഗെതർ’ എന്ന പാർട്ടിയുടെ കമ്മിറ്റി ചില പ്രമുഖ മാധ്യമപ്രവർത്തകരുടെ പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശിച്ചതായുള്ള വെളിപ്പെടുത്തലാണ് വിവാദത്തിന് തുടക്കമായത്. സർക്കാർ തലത്തിൽ അന്വേഷണം ആരംഭിച്ചതോടെ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് രാജിയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

2015 – ൽ ലേബർ പാർട്ടിയിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലേബർ ടുഗെതർ, പിന്നീട് മുൻ നേതാവ് ജെറമി കോർബിനെതിരായ നിലപാടുകളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി. 2020ലെ നേതൃത്വ തിരഞ്ഞെടുപ്പിൽ കിയർ സ്റ്റാർമറിനെ തുറന്നുപിന്തുണച്ച സംഘടന, 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ അധികാരത്തിലേക്ക് നയിക്കുന്ന പ്രചാരണങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചു. അതേസമയം 2017 മുതൽ 2020 വരെ ലഭിച്ച ഏകദേശം 7.3 ലക്ഷം പൗണ്ടിന്റെ സംഭാവനകൾ കൃത്യമായി വെളിപ്പെടുത്താത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തപ്പെട്ടിരുന്നു. ഇരുപതിലധികം നിയമലംഘനങ്ങൾ സംഘടനക്കെതിരെ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സൈമൺസ് രാജി പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചര്ച്ചയ്ക്കിടയാക്കി. ‘സർക്കാരിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾക്ക് ഞാൻ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാജി ‘വേദനയോടെ സ്വീകരിക്കുന്നുവെന്ന് കിയർ സ്റ്റാർമർ പ്രതികരിച്ചപ്പോൾ, എത്തിക്സ് ഉപദേഷ്ടാവിന്റെ പ്രാഥമിക അന്വേഷണത്തിൽ മന്ത്രിസഭാ ചട്ടലംഘനം കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സൈമൺസ് രാജിക്കത്തിൽ ആവർത്തിച്ചു. വിഷയത്തിൽ അന്തിമ റിപ്പോർട്ട് പുറത്തു വരുന്നതുവരെ കൂടുതൽ പ്രതികരണം ഉണ്ടാകില്ലെന്ന നിലപാടിലാണ് സർക്കാർ.











Leave a Reply