തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങി. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നേഴ്‌സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും വേതനം വർധിപ്പിക്കുന്ന കരട് വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നേഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതൽ 28,000 രൂപവരെ ഉയർത്താനാണ് ശുപാർശ. ഉയർന്ന തസ്തികയിലുള്ള നേഴ്‌സുമാർക്ക് കുറഞ്ഞത് 33,080 രൂപവരെ വേതനം ലഭിക്കുന്ന രീതിയിലായിരിക്കും പരിഷ്കാരം. അറ്റൻഡർ, ഹെൽപ്പർ, സെക്യൂരിറ്റി ജീവനക്കാർ, സ്റ്റോർ കീപ്പർ, സ്വീപ്പർ എന്നിവരുള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെ മിനിമം വേതനം 23,650 രൂപയാക്കി വർധിപ്പിക്കാനും കരട് വിജ്ഞാപനത്തിൽ ശുപാർശ ചെയ്യുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയാണ്. 2018ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ളതാണ് നിലവിലെ വേതനനിരക്ക്. പരമാവധി അഞ്ച് വർഷത്തിനുള്ളിൽ വേതനം പരിഷ്കരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും എട്ടു വർഷമായി വർധന ഉണ്ടായിട്ടില്ല. മിനിമം വേതനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വിളിച്ച യോഗത്തിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ സർക്കാർ സ്വന്തം അധികാരം ഉപയോഗിച്ചാണ് കരട് വിജ്ഞാപനം പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താൻ രണ്ട് മാസത്തെ സമയം അനുവദിക്കും.