മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടർന്ന് പോലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഭവസ്ഥലത്തെത്തിയ പോലീസ് പരാതിക്കാരിയെ സഹായിക്കാതെ മടങ്ങിപ്പോയത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷയെ കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാരിന് ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ജനങ്ങളോട് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഭാര്യയായ ബിന്ദു മേനോനെ മുറിയിൽ അടച്ചുപൂട്ടിയ സംഭവത്തിൽ അവർ പോലീസിനെ വിളിച്ചുവെങ്കിലും, സ്ഥലത്തെത്തിയ പോലീസ് എന്താണ് ചെയ്തത് എന്നതാണ് ചോദ്യം എന്നായിരുന്നു സതീശന്റെ പ്രതികരണം. ബിന്ദു മേനോന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പരാതിക്കാരിയായ സ്ത്രീയെ ഉപേക്ഷിച്ച് മടങ്ങിയ പോലീസിന്റെ നടപടി പരിതാപകരമാണെന്നും ഏത് സ്ത്രീക്കാണ് ഇതിലൂടെ സുരക്ഷ ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നത് യുഡിഎഫിന്റെ രീതിയല്ലെന്നും വ്യക്തമാക്കി. എന്നാൽ ഒരു സ്ത്രീയെ മന്ത്രിയുടെ നിർദേശപ്രകാരം സ്റ്റാഫ് ആക്രമിച്ചുവെന്ന പരാതിയുണ്ടെങ്കിൽ അതിൽ സർക്കാർ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.











Leave a Reply