അപ്പച്ചൻ കണ്ണഞ്ചിറ
ഹോൺചർച്ച് : ലണ്ടനിലെ ഹോൺചർച്ചിൽ സംഘടിപ്പിച്ച 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ, കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ കലയുടെ മഴവിൽ വസന്തം. ഹോൺചർച്ചിലെ ദി കാമ്പയിൻ സ്‌കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ 7 ബീറ്റ്‌സ് സീസൺ 9 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന സമ്പന്ന കലാ വിരുന്നിനും, സംഘാടക മികവിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും, അംഗീകാരവും, പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച സംഗീതോത്സവം രാത്രി പതിനൊന്നുവരെ നീണ്ടു നിന്നു.

യുക്മ ദേശീയ പ്രസിഡണ്ടും, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. എബി സെബാസ്റ്റ്യൻ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടന കർമ്മം നിർവ്വഹിക്കുകയും, ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, പിന്നീട് നിരവധിയായ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കുകയും ചെയ്ത പ്രശസ്ത നടി സനുഷാ സന്തോഷ് വിശിഷ്‌ടാതിഥിയായി പങ്കുചേരുകയും, ആശംസകൾ നേരുകയും ചെയ്തു. 7 ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്ററും, യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, സുജു ഡാനിയേൽ (ഐഒസി നാഷണൽ പ്രസിഡണ്ട് ) ഫ്രാൻസിസ് മാത്യു ( ലോ ആൻഡ് ലോയേഴ്സ് ), യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജെയ്‌സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ ), അശ്വിൻ രാജ് ( ലൈഫ് ലൈൻ പ്രൊട്ടക്ട് ), നോർഡി ജേക്കബ് ( ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമി ), ഷംജിത് (മലബാർ ഫുഡ്സ് & കേരളാ ഡിലൈറ്റ്സ്), ഷാൻ ( ഷാൻ പ്രോപ്പർട്ടീസ് ), 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 കോർഡിനേറ്ററായിരുന്ന അബ്രാഹാം ലൂക്കോസ്, BMKA പ്രസിഡണ്ട് യൂജിൻ തോമസ്, റെജുലേഷ് ( ഗ്ലോബൽ സ്റ്റഡി ലിംക്സ്), സജി ചാക്കോ ( ഐഡിയൽ സൊളിസിറ്റേഴ്സ്) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അനശ്വര കവിയും, പത്മഭൂഷൺ ജേതാവുമായിരുന്ന ഒഎൻവി സാറിനും, അനുഗ്രഹീത സംഗീതജ്ഞനായിരുന്ന പി es വെങ്കിടേഷ് സാറിനും ഉള്ള സ്മരണാഞ്ജലികൾ പ്രശസ്ത കവിയത്രിയും, എഴുത്തുകാരിയും, അവതാരികയുമായ രശ്മി പ്രകാശ് സമർപ്പിച്ചു. യു കെ യുടെ ബിസ്സിനെസ്സ് മേഖലയിലെ ഏറെ പ്രമുഖരായ അഡ്വ. അബ്ദുൽ ഷാഹുൽ & പ്രിയ (സോളിസിറ്റർ & മാനേജിങ് ഡയറക്ടർ ഓഫ് പാം ഹോട്ടൽ ഹോൺചർച്ച്) 7 ബീറ്റ്സിന്റെ വേദിയിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

എഴുപതോളം സംഗീത-നൃത്ത ഇനങ്ങൾ വർണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയിൽ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാണ് ഹോൺചർച്ചിൽ 7 ബീറ്റ്‌സ് സമ്മാനിച്ചത്.
നടനം ഡാൻസ് സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൺ അവതരിപ്പിച്ച രാമായണം തീം ഡാൻസ്, ടീം ജാതി ഈസ്റ്റ് ലണ്ടൻ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, ടീം ഈസ്റ്റ് ലണ്ടൻ ഒരുക്കിയ ഓ എൻ വി & എസ് പി വി ട്രിബ്യൂട്ട് ഡാൻസ്, ടീം ക്രോയ്ഡോൺ, ത്രിഭംഗ ബെർക്‌ഷെയർ ടീം, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്സ്, ആതിഥേയരായ ഹോൺചർച്ച് ടീം, ടീം ധ്വനി ഈസ്റ്റ് ലണ്ടൻ എന്നിവർ സംഗീതോത്സവത്തെ വർണ്ണാഭമാക്കി. ടീം സ്ലോ, ലിവർപൂൾ ഡാൻസേർസ്, ലീമിംഗ്ടൺ സ്പാ, ടീം കവൻട്രി അടക്കം ടീമുകളോടൊപ്പം യുക്മ ദേശീയ കലോത്സവങ്ങളിലെ ലൂട്ടനിൽ നിന്നുള്ള കലാതിലകങ്ങളായ ‘ആൻ അലോഷ്യസും,’ ടോം അലോഷ്യസും’ അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.

സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും മർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും, ഇടവേളകൾക്ക് തുടിപ്പും നൽകി സുപ്രഭ , അപർണ്ണ , ജോനിഷ് എന്നിവർ മികവുറ്റ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ജോമോൻ മാമ്മൂട്ടിൽ, സണ്ണിമോൻ മത്തായി, അപ്പച്ചൻ കണ്ണഞ്ചിറ, മനോജ് തോമസ്, കെവിൻ കോനിക്കൽ, ലൂബി മാത്യൂസ് എന്നിവർ നേതൃത്വം വഹിച്ചു.സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 10 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്.
യു കെ യിൽ ലൈവ്സ്ട്രീമിങ്ങിനും, ഫോട്ടോഗ്രാഫിക്കും പ്രശസ്തരായ കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്സ് ) നേതൃത്വം നൽകി. രുചികരമായ ചൂടൻ കേരള ഭക്ഷണ വിഭവങ്ങളുമായി നവരുചിയുടെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ചു തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.











Leave a Reply