ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ വീണ്ടും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് വന്നു. 2018-ൽ കേസ് പരിഗണിച്ചപ്പോൾ സർക്കാർ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്നപ്പോൾ ബോർഡ് അതിനെ എതിർത്തിരുന്നു. എന്നാൽ 2019-ലെ പുനഃപരിശോധനാ ഹർജി ഘട്ടത്തിൽ ബോർഡും സർക്കാരിനൊപ്പം ചേർന്ന് പ്രവേശനത്തെ പിന്തുണച്ചിരുന്നു.
ഇപ്പോൾ ബോർഡിന്റെ ഭാഗത്ത് നിന്നുള്ള വാദം മതാചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിയുടെ ഇടപെടൽ അനുവദിക്കാനാവില്ലെന്നതാണ്. വ്യക്തിഗത അവകാശങ്ങളും വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങളും തമ്മിൽ തർക്കമുണ്ടായാൽ സമൂഹത്തിന്റെ അവകാശത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ബോർഡ് സുപ്രീംകോടതിയിൽ സമർപ്പിച്ച വാദത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാന സർക്കാർ മതാചാരങ്ങളെക്കുറിച്ചുള്ള കോടതി പരിശോധനയെ പൂര്‍ണമായി തള്ളുന്നില്ല. മതപണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളും ഉൾപ്പെടുന്ന വിശാലമായ ചർച്ചകൾക്ക് ശേഷമായിരിക്കണം ഇത്തരം ഇടപെടലുകൾ എന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്. മനുഷ്യാവകാശലംഘനം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ആചാരങ്ങളെ ചോദ്യം ചെയ്യാനും നിയമനിർമാണം നടത്താനും സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.











Leave a Reply