കൊച്ചി ∙ ആലപ്പുഴ ഹരിപ്പാട് മേഖലയിൽ നിന്ന് 50 കിലോ ഭാരം വഹിക്കാൻ കഴിയുന്ന ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ചൈനീസ് നിർമിത ഡ്രോൺ പിടികൂടി. വലിയ ഡ്രോൺ പറത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറിയപ്പോൾ, ഡി.ജി.സി.എ അനുമതിയില്ലാതെ രാജ്യത്തേക്ക് അനധികൃതമായി കടത്തിയതാണെന്ന് സ്ഥിരീകരിച്ചു.
ഹരിപ്പാട് കരുവാറ്റയിലെ ഒരു വീട്ടിൽ നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് ഉടമയെന്നാണ് വിവരം. കാർഷിക ആവശ്യങ്ങൾക്കായി കൊണ്ടുവന്നതാണെന്ന വിശദീകരണം നൽകിയെങ്കിലും, വാങ്ങിയ രേഖകളോ നിയമാനുസൃത ഇറക്കുമതി ലൈസൻസോ ഹാജരാക്കാൻ സാധിച്ചില്ല. 50 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ സാധാരണ ചിത്രീകരണത്തിനുള്ളതല്ല, കൃഷിയിടങ്ങളിൽ മരുന്ന് തളിക്കൽ പോലുള്ള ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഡിജെഐ അഗ്രാസ് വിഭാഗത്തിൽപ്പെട്ടതാണെന്ന് കരുതുന്നു.
2022 മുതൽ വിദേശ നിർമിത ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇത് രാജ്യത്തേക്ക് എത്തിയത് എങ്ങനെ എന്നതാണ് അന്വേഷണം. ഡ്രോണിന് ആവശ്യമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പറും പൈലറ്റ് ലൈസൻസും ഇല്ലാതിരുന്നതും ഗുരുതരമായ നിയമലംഘനമായി കണക്കാക്കുന്നു. സോഫ്റ്റ്‌വെയർ ലോഗുകൾ പരിശോധിച്ച് ഡ്രോൺ മുൻപ് എവിടെയൊക്കെ ഉപയോഗിച്ചതെന്ന വിവരങ്ങളും ശേഖരിക്കുന്നതിനൊപ്പം, സുരക്ഷാ ഭീഷണിയുണ്ടോയെന്നതും കസ്റ്റംസ് പരിശോധിച്ചു വരുന്നു.











Leave a Reply