ന്യൂസ് ഡെസ്ക്, മലയാളം യുകെ
വടക്കൻ ലണ്ടൻ നഗരത്തിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദരുടെ ചാരിറ്റി സംഘടനയായ ഹാത്സോളയുടെ ആംബുലൻസുകൾക്ക് തീകൊളുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 47 വയസ്സുള്ള ഒരാളെ വടക്ക്-പടിഞ്ഞാറൻ ലണ്ടനിൽനിന്നും 45 വയസ്സുള്ള മറ്റൊരാളെ മധ്യ ലണ്ടനിൽനിന്നും ബുധനാഴ്ച അന്വേഷണസംഘം പിടികൂടുകയായിരുന്നു. ജീവന് അപകടം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ അഗ്നിക്കിരയാക്കിയെന്ന സംശയത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വീടുകളിൽ പരിശോധനയും തുടരുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. ഹാത്സോളയുടെ നാല് ആംബുലൻസുകൾ തീപിടുത്തത്തിൽ പൂർണമായും നശിച്ചു . സംഭവത്തെ തുടർന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ശക്തമാക്കുകയും കൗണ്ടർ-ടെററിസം വിഭാഗം കേസ് ഏറ്റെടുക്കുകയുമായിരുന്നു . സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുറഞ്ഞത് മൂന്നുപേർ വരെ ആക്രമണത്തിൽ പങ്കെടുത്തതായി സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണം സജീവമാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്തെ യഹൂദ സമൂഹത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് വിന്യാസം വർധിപ്പിക്കുകയും ആയുധധാരികളായ പോലീസ് ഉദ്യാഗസ്ഥരുടെ പട്രോളിംഗ് ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് മുൻകരുതൽ നടപടിയാണെന്നും നിലവിൽ പ്രത്യേക ഭീഷണിയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, സേവനത്തിൽ തടസമുണ്ടാകാതിരിക്കാനായി സർക്കാർ ഇടപെട്ട് നാല് പകരം ആംബുലൻസുകൾ ചൊവ്വാഴ്ച തന്നെ ഹാത്സോളയ്ക്ക് കൈമാറി.











Leave a Reply