കാളികാവ് (മലപ്പുറം): കേരളത്തിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളികൾക്ക് 1694 കോടി രൂപയാണ് നഷ്ടമായത്. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും കണക്കുകൾ പ്രകാരം ഏകദേശം 20,000 പരാതികളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ട്രേഡിങ് എന്താണെന്നു പോലും വ്യക്തമായി അറിയാത്തവരാണ് പലരും ഇരയായത്; നാണക്കേടിന്റെ ഭയത്തിൽ പലരും പരാതി നൽകാത്തതും ആശങ്ക വർധിപ്പിക്കുന്നു.
എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകൾ സൃഷ്ടിച്ച് ലാഭം നേടാമെന്നു വിശ്വസിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത് ‘സ്റ്റോക്ക് ടിപ്സ്’ നൽകുകയും വ്യാജ ലാഭ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് വിശ്വാസം നേടുകയും ചെയ്യുന്നു. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത വ്യാജ ആപ്പുകൾ APK ഫയലുകളിലൂടെ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് നിക്ഷേപകരെ കുടുക്കുന്നതും പതിവാണ്. ആദ്യം ചെറിയ നിക്ഷേപത്തിന് ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിപ്പിച്ച് പിന്നീട് പണം പിൻവലിക്കാൻ കഴിയാത്ത വിധത്തിലാക്കുന്നു.
മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിക്ക് 47 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവവും പുറത്തുവന്നിട്ടുണ്ട്. കേസിൽ രണ്ടുപേർ അറസ്റ്റിലായെങ്കിലും തട്ടിപ്പുസംഘത്തിന്റെ മുഴുവൻ ശൃംഖല പിടികൂടാനായിട്ടില്ല. പണം തിരികെ ചോദിക്കുന്നവരെ ‘സി.ബി.ഐ. കേസ്’ ഭീഷണിയുയർത്തി വീണ്ടും തട്ടിപ്പിന് ഇരയാക്കുന്നതായും പരാതി. സെബി അംഗീകൃത ബ്രോക്കർമാർ വഴി മാത്രം നിക്ഷേപം നടത്തുക, അമിതലാഭ വാഗ്ദാനങ്ങളിൽ വീഴരുത്, ബാങ്ക് അക്കൗണ്ടുകൾ മറ്റൊരാൾക്ക് നൽകാതിരിക്കുക, തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in പോർട്ടലിലോ ഉടൻ പരാതി നൽകുക എന്നിങ്ങനെ പോലീസ് ജാഗ്രതാ നിർദേശങ്ങളും നൽകി.











Leave a Reply