ജോയൽ സോവിച്ചൻ
നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പോൾ എൽഡിഎഫ് 7 മണ്ഡലങ്ങളിൽ വ്യക്തമായോ നേരിയതോ ആയ മുൻതൂക്കം നിലനിർത്തുന്നതായി ആണ് കാണുന്നത് . പയ്യന്നൂർ (47–48%), കല്ല്യാസേരി (55–56%), ധർമ്മടം (56–57%), തലശ്ശേരി (55–56%), മട്ടന്നൂർ (55–56%) എന്നിവിടങ്ങളിൽ എൽഡിഎഫ് ശക്തമായ ലീഡിലാണ്. തളിപ്പറമ്പ് , (44–45%) അഴീക്കോട് (42–43%) മണ്ഡലങ്ങളിൽ എൽഡിഎഫ് നേരിയ മുൻതൂക്കത്തോടെ മുന്നിലാണെങ്കിലും ഇവിടെ മത്സരം കടുത്തതായിരിക്കും.
പയ്യന്നൂരിൽ ടി. ഐ. മധുസൂദനനും, കല്ല്യാസേരിയിൽ എം. വിജിനും, ധർമ്മടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും നില ശക്തമാണ് . തളിപ്പറമ്പയിൽ പി. കെ. ശ്യാമളയും യുഡിഎഫ് പിന്തുണയുള്ള ടി. കെ. ഗോവിന്ദനും തമ്മിൽ 1–2 ശതമാനം വ്യത്യാസത്തിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. അഴീക്കോട്ടിൽ കെ. വി. സുമേഷിനും യുഡിഎഫിന്റെ കരീം ചെലേരിക്കും ഇടയിൽ 1% വ്യത്യാസത്തിൽ തീരാവുന്ന മത്സരത്തിൽ ബിജെപിയുടെ 13–14% വോട്ട് പങ്ക് നിർണായകമാകും.
മറ്റുവശത്ത് യുഡിഎഫ് 4 മണ്ഡലങ്ങളിൽ മുൻതൂക്കം നിലനിർത്തുന്നു. ഇരിക്കൂരിൽ (54–55%) സജീവ് ജോസഫിന് വ്യക്തമായ ലീഡുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ണൂർ (44–45%), പെരാവൂർ (47–48%), കുത്തുപറമ്പ് (41–42%) മണ്ഡലങ്ങളിൽ യുഡിഎഫ് നേരിയ മുൻതൂക്കത്തിലാണ്; ഇവിടങ്ങളിൽ എൽഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് പെരാവൂരിൽ സണ്ണി ജോസഫും കെ. കെ. ശൈലജയും തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കും.
ബിജെപി പല മണ്ഡലങ്ങളിലും 8% മുതൽ 17% വരെ വോട്ട് നേടുന്ന സ്ഥിരത നിലനിർത്തുന്നുവെങ്കിലും വിജയസാധ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. എന്നിരുന്നാലും കുത്തുപറമ്പ് , തളിപ്പറമ്പ് , കണ്ണൂർ പോലുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ അന്തിമ ഫലത്തെ സ്വാധീനിച്ചേക്കാം. വികസനം, യുവജന തൊഴിൽ, പഞ്ചായത്ത് ഭരണത്തിന്റെ കാര്യക്ഷമത, നഗര-ഗ്രാമ സമവാക്യം തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായി ഉയർന്നു വരുന്നത്.
മൊത്തത്തിൽ, കണ്ണൂർ ജില്ലയിൽ എൽഡിഎഫ് 7 സീറ്റുകളും യുഡിഎഫ് 4 സീറ്റുകളും നേടാനിടയുണ്ടെന്നാണ് പ്രവചനം. കല്ല്യാശേരി, തലശ്ശേരി, ധർമ്മടം, മട്ടന്നൂർ എന്നിവ എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി തുടരുമ്പോൾ, കണ്ണൂർ, തളിപ്പറമ്പ്, പെരാവൂർ, കുത്തുപറമ്പ് എന്നിവിടങ്ങളിൽ 3%ൽ താഴെ വ്യത്യാസത്തിൽ കടുത്ത പോരാട്ടം നടക്കാനിടെയുണ്ട്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.











Leave a Reply