ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുറഞ്ഞ വേതനം മണിക്കൂറിന് £12.71 ആയി ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവരുടെ ഇടയിൽ അസംതൃപ്തി വളരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന നടപടിയാണെങ്കിലും, വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതായി വ്യവസായികൾ മുന്നറിയിപ്പ് നൽകി . പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചെലവുകൾ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകുന്നത് തനിക്ക് എപ്പോഴും സന്തോഷമാണെങ്കിലും നിലവിലെ ചെലവുകൂടിയ സാഹചര്യത്തിൽ അത് തുടരാൻ കഴിയുമോ എന്ന ആശങ്കയുണ്ട് എന്ന് സൗത്താംപ്ടണിൽ പ്രവർത്തിക്കുന്ന നാല് കോഫി ഷോപ്പുകളുടെ ശൃംഖലയായ മെറ്റ്രിക്സിന്റെ മാനേജിംഗ് ഡയറക്ടർ സ്പെൻസർ ബൗമാൻ പറഞ്ഞു. കുറഞ്ഞ വേതന വർധനയ്ക്കൊപ്പം ബിസിനസ് റേറ്റുകൾ, നാഷണൽ ഇൻഷുറൻസ് സംഭാവന, സ്റ്റാറ്റ്യൂട്ടറി സിക്ക് പേ എന്നിവയിലുണ്ടായ വർധനയും സ്ഥാപനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് എനർജി ചെലവുകളും വർധിക്കുമെന്നതിനാൽ, ഭാവി കൂടുതൽ അനിശ്ചിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞ ജീവനക്കാരോടെയാണ് ഷിഫ്റ്റുകൾ നടത്തുന്നതെന്നും, അതിലും കുറയ്ക്കാൻ കഴിയില്ലെന്നും പലരും അഭിപ്രായപ്പെട്ടു. വരുമാനവും ഉപഭോക്താക്കളുടെ എണ്ണവും ഉയർന്നിട്ടും, മൊത്തത്തിലുള്ള ചെലവുകൾ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് ബിസിനസ് മുന്നേറുന്നത്. ഈ പ്രവണത തുടർന്നാൽ ചില ശാഖകൾ അടയ്ക്കേണ്ടിവരുമെന്നതാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വർഷം 21 വയസ്സിന് മുകളിലുള്ളവർക്ക് 6.7%യും 18 മുതൽ 20 വയസ്സ് വരെയുള്ളവർക്ക് 16.3%യും കുറഞ്ഞ വേതന വർധന നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ വർധന. തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവനയും ഉയർന്നതോടെ ചെലവുകൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ഇതോടെ ചെറുകിട ബിസിനസുകൾക്ക് നിലനിൽപ്പു തന്നെ വെല്ലുവിളിയാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയായാണ് സർക്കാർ ഈ വർധനയെ കാണുന്നത്. എന്നാൽ, വരുമാനം വർധിച്ചിട്ടും ചെലവുകൾ അതിവേഗം ഉയരുന്നത് മൂലം പല സ്ഥാപനങ്ങളും സാമ്പത്തികമായി സമ്മർദ്ദത്തിലാകുന്നുവെന്നത് വ്യവസായ രംഗത്തെ പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്.











Leave a Reply