ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ കംബ്രിയയിൽ നടന്ന കെൻഡൽ കോളിംഗ് സംഗീതോത്സവത്തിനിടെ 17 വയസ്സുകാരി ആരോഗ്യപ്രശ്നത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ്, പാരാമെഡിക്കൽ സംഘം എന്നിവർ അടിയന്തിര ചികിത്സയും സി.പി.ആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ കുടുംബത്തിന് പിന്തുണ നൽകുകയാണെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ രണ്ട് മണിയോടെ ‘കോളിംഗ് ഔട്ട്’ ടെന്റിനും ‘ബിഗ് വീൽ’ മേഖലയ്ക്കും സമീപം ഉണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ട്.

40,000ത്തിലധികം പേർ പങ്കെടുത്ത സംഗീതോത്സവത്തിൽ വുൾഫ് ആലിസ്, പ്രൈമൽ സ്‌ക്രീം, ബിഫി ക്ലൈറോ, സിസർ സിസ്റ്റേഴ്സ് തുടങ്ങിയ പ്രമുഖ ബാൻഡുകൾ പരിപാടികൾ അവതരിപ്പിച്ചിരുന്നു. യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ സുരക്ഷാ, മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി സഹായം നൽകിയിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ അവർ അന്വേഷണത്തിന് എല്ലാ സഹകരണവും നൽകുമെന്നും വ്യക്തമാക്കി.











Leave a Reply