ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ മേഖലയെ ബാധിക്കുന്ന ആറുദിവസത്തെ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. സമരം മൂലം എൻഎച്ച്എസിന് പ്രതിദിനം ഏകദേശം £50 മില്യൺ നഷ്ടമുണ്ടാകുന്നതായാണ് സർക്കാർ വ്യക്തമാക്കിയത് . 2023 മാർച്ച് മുതൽ നടന്ന സമരങ്ങളാൽ ഏകദേശം £3 ബില്യൺ വരെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ 33% വേതന വർധന ലഭിച്ചിട്ടും 2008 നെ അപേക്ഷിച്ച് യഥാർത്ഥ വേതനം ഇപ്പോഴും ഏകദേശം 20% കുറഞ്ഞ നിലയിലാണ് എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ)പറയുന്നത്, ചർച്ചകൾ അവസാനഘട്ടത്തിലെത്തിയിരുന്നെങ്കിലും സർക്കാർ അവസാന നിമിഷം നിബന്ധനകൾ മാറ്റിയതോടെ ധാരണ പാളുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു.

ഡോക്ടർമാർക്ക് 3.5% വാർഷിക വേതനവർധനയും മറ്റു ചില ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് . ഇനി വേതന ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിലാണ് സർക്കാർ . ആരംഭ വേതനം £40,000-ൽ കൂടുതലായും, മുതിർന്ന ഡോക്ടർമാർക്ക് £76,500 വരെ ലഭിക്കുന്നതുമാണ്. പരീക്ഷ ഫീസ്, പരിശീലന അവസരങ്ങൾ എന്നിവ ഉൾപ്പെട്ട പാക്കേജ് മുൻപ് മുന്നോട്ടു വച്ചിരുന്നുവെങ്കിലും സമരം പ്രഖ്യാപിച്ചതോടെ ചില പദ്ധതികൾ സർക്കാർ പിൻവലിക്കുകയായിരുന്നു . ഇതോടെ ആരോഗ്യ മേഖലയിൽ രോഗികൾക്ക് ചികിത്സ വൈകുന്നതും സേവനങ്ങൾ തടസ്സപ്പെടുന്നതും തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിൽ ജോലി ചെയ്യുന്ന മലയാളികളിൽ വലിയൊരു വിഭാഗം എൻഎച്ച്എസിൽ നേഴ്സുമാരായതിനാൽ ഈ സമരം അവരുടെ ജോലി ഭാരം ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ അഭാവം മൂലം വാർഡുകളിലും എമർജൻസി വിഭാഗങ്ങളിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ നേഴ്സുമാർ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് . പല ഇടങ്ങളിലും ഡോക്ടർമാർ ചെയ്യേണ്ട ചില പ്രാഥമിക ക്ലിനിക്കൽ ജോലികൾ പോലും നേഴ്സുമാർക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഷിഫ്റ്റുകൾ നീളുകയും, അധിക ഡ്യൂട്ടികൾ ചെയ്യേണ്ടി വരികയും, വിശ്രമ സമയം കുറയുകയും ചെയ്തതോടെ മാനസികവും ശാരീരികവുമായ സമ്മർദ്ദം ഉയർന്നിരിക്കുകയാണ്.

ഇതോടൊപ്പം രോഗികളുടെ എണ്ണം കുറയാത്തതിനാൽ ഓരോ നേഴ്സിനും കൂടുതൽ രോഗികളെ പരിചരിക്കേണ്ടിവരുന്നത് സേവന നിലവാരത്തെയും ബാധിക്കാം എന്ന ആശങ്ക ഉയരുന്നുണ്ട് . മലയാളി നേഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് ദീർഘകാലമായി തുടരുന്ന ജോലി സമ്മർദ്ദം മൂലം പ്രശ്നങ്ങൾ വർധിക്കുന്നുവെന്ന വിലയിരുത്തലുകളും ഉണ്ട്. പലർക്കും അവധികൾ മാറ്റിവെക്കേണ്ടിവരുകയും , ചിലർക്ക് അധിക ഷിഫ്റ്റുകൾ സ്വീകരിക്കേണ്ടിവരികയും ചെയ്യുന്നതിന്റെ പ്രശ്നങ്ങളുമുണ്ട് .