ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ പ്രാദേശിക രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി മലയാളി സ്ഥാനാർഥി ബിബിൻ ബേബി . മെയ് 7-ന് നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്പ്രൗസ്റ്റണിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവിൽ സ്പ്രൗസ്റ്റൺ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറുമാണ് ബിബിൻ .
സ്പ്രൗസ്റ്റണിലെ രണ്ട് വാർഡുകളും നിലവിൽ ലേബർ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ടൗൺ കൗൺസിലിലും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രാദേശിക തലത്തിൽ സ്ഥിരമായി പ്രവർത്തിക്കുകയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തതാണ് ബിബിനെ ശ്രദ്ധേയനക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് . ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്ന നേതാവെന്ന ഇമേജ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി തുടരുന്നു.
ഇത്തവണ വിജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമായി ഒരേസമയം ജനപ്രതിനിധിയായി സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയാകും ബിബിൻ ബേബി. ബ്രിട്ടീഷ് പ്രാദേശിക രാഷ്ട്രീയത്തിൽ ഇത് ശ്രദ്ധേയമായ ഒരു ചരിത്ര നേട്ടമായി മാറും. നിലവിൽ രണ്ട് ക്വാസി-ജുഡീഷ്യൽ കമ്മിറ്റികളിൽ അംഗമായും, അവയിൽ ഒന്നിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്ന അദ്ദേഹം, നയപരവും നിയമപരവുമായ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന നേതാവാണ്. കൂടാതെ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് ഗവർണറായി സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയാണ് ബിബിൻ ബേബിയുടെ സ്വദേശം. ഭാര്യ ടിൻസി ബിബിൻ. ബെൽവിൻ ബിബിൻ, ബെൽമിയ ബിബിൻ എന്നീ രണ്ട് മക്കളുണ്ട്. ബിബിൻ ബേബിയുടെ രാഷ്ട്രീയ യാത്ര പ്രവാസി മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷകളും ആവേശവും സൃഷ്ടിച്ചിരിക്കുകയാണ്.











Leave a Reply