കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയ മുൻ എം.എൽ.എ. പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. ജോർജിന്റെ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിന്റെ മാന്യതയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്നും സംഘടന തുറന്നടിച്ചു.

വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില പ്രദേശങ്ങളിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ ശിഷ്ടാചാരത്തിന് നിരക്കാത്തതാണെന്നും സംഘടന കൂട്ടിച്ചേർത്തു. മെത്രാന്മാരോടൊപ്പം സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെയും ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉയർത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലാ, പൂഞ്ഞാർ മേഖലകളിൽ ക്രൈസ്തവ സഭയുടെ പിന്തുണ ലഭിക്കാത്തതിലെ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വന്തം രാഷ്ട്രീയ തിരിച്ചടികൾക്ക് സഭയെയും മെത്രാന്മാരെയും കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികൾക്കിടയിൽ ഉയരുന്നുണ്ടെന്നും സംഘടന അറിയിച്ചു.