ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജു, ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ബാലചന്ദ്രമേനോൻ്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനാകുന്നതും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.

മണിയന്‍ പിള്ള എന്ന് പേര് സ്വീകരിക്കുന്നതിന് മുൻപ് രാജു റഹീം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വിശദീകരിച്ചു. ആ ചിത്രത്തില്‍ മണിയന്‍ പിള്ളയ്ക്കൊപ്പം ബഹ്ദൂറും ഒരു വേഷം ചെയ്തിരുന്നു. താനും ബഹദൂറും ഒരു പോലത്തെ നിറമുള്ള ബനിയന്‍ ധരിച്ച്‌ പോകുന്നതിനിടെ ഒരു പട്ടി മാലയുമായി ഓടി വരും. ആ പട്ടിയുടെ വായില്‍ നിന്നും മാല എടുത്ത് നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് രംഗം. ഇതിന്‍റെ ചിത്രീകരണ സമയത്തു പ്രതീക്ഷിച്ചതുപോലെ പട്ടി ഷോട്ടിനുള്ളിലേക്ക് കടന്നു വന്നില്ല.

ഒരല്‍പ്പം വൈകിയാണ് പട്ടി ക്യാമറയുടെ ഫോക്കസ്സിനുള്ളിലേക്ക് എത്തുന്നത്. താന്‍ അപ്പോള്‍ തന്നെ ആ മാല എടുക്കുകയും സംവിധായകന്‍ കട്ട് പറയുകയും ചെയ്തു. ഉടന്‍ ബഹദൂര്‍ തന്‍റെ അടുത്ത് വന്ന് ”ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്” എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു. എന്നാല്‍ സംവിധായകന്‍ തന്നെ പിന്തുണച്ചാണ് സംസാസരിച്ചതെന്ന് അദ്ദേഹം ഓര്‍ത്തു. തന്നോട് ആദ്യമായാണ് ഒരാള്‍ അത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് കേട്ടു വല്ലാതെ സങ്കടം തോന്നുകയും പൊട്ടിക്കരയുകയും ചെയ്തു.

എന്നാല്‍ മണിയന്‍ പിള്ള കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ അടുത്തെത്തി സമാധാനിപ്പിച്ചു. പെട്ടെന്ന് ദേഷ്യം വരുമെങ്കിലും ബഹദൂര്‍ നല്ല മനുഷ്യനാണെന്ന് മണിയന്‍ പിള്ള പറയുന്നു. അടുത്ത് എത്തി തോളില്‍ തട്ടി ‘ ഇങ്ങനെ കരയരുതെന്നും നല്ല ഭാവിയുള്ള വ്യക്തിയാണെന്നും പറഞ്ഞു സമാധാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.