ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറ്റ്ഫോർഡ് ∙ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ഇൽഡ എസ്റ്റീവ്സ് നൽകിയ പരാതിയിൽ, “ആന്റി” എന്ന് വിളിച്ച സംഭവത്തിൽ ട്രൈബ്യൂണൽ നിർണായക വിധി പുറപ്പെടുവിച്ചു. സഹപ്രവർത്തകനായ സ്റ്റാഫ് നേഴ്‌സ് ചാൾസ് ഒപ്പോങ് ആവർത്തിച്ച് ഈ വിളിപ്പേര് ഉപയോഗിച്ചതാണ് കേസിന് ആധാരം. വാട്ട്ഫോർഡ് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ജഡ്ജി ജോർജ്ജ് അല്ലിയറ്റ് അധ്യക്ഷനായ ബെഞ്ച്, പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള ഹരാസ്‌മെന്റ് സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട സ്ഥാപനമായ വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റ് £1,425.15 നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെ നടന്ന സംഭവങ്ങളാണ് കേസിൽ പരിഗണിച്ചത്. “ആന്റി” എന്ന് വിളിക്കരുതെന്നും പകരം സ്വന്തം പേര് വിളിക്കണമെന്നുമുള്ള ആവശ്യം ഇൽഡ പലതവണ ഉന്നയിച്ചിട്ടും, അത് അവഗണിച്ചുകൊണ്ട് വിളിപ്പേര് തുടർന്നുവെന്നാണ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത് . കൂടാതെ പ്രായം കൂടിയ മറ്റൊരു സഹപ്രവർത്തകനുമായി ചേർത്തുള്ള പരാമർശങ്ങളും രണ്ടുതവണ നടത്തിയതായി അവർ വെളിപ്പെടുത്തി. ഓഫീസ്, കോറിഡോർ, ഡ്യൂട്ടി കൈമാറ്റ സമയങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ ഈ പരാമർശങ്ങൾ ആവർത്തിച്ചതിലൂടെ തനിക്കു മാനസിക സമ്മർദ്ദവും അപമാനബോധവും ഉണ്ടാക്കിയതായി അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഘാനിയൻ സംസ്കാരത്തിൽ “ആന്റി” ഒരു ബഹുമാനപദമാണെങ്കിലും, അത് വ്യക്തിയുടെ ഇച്ഛയ്ക്കെതിരെ ഉപയോഗിക്കുമ്പോൾ അപമാനകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാമെന്നതാണ് മൂന്നു ജഡ്ജിമാരടങ്ങിയ ബെഞ്ച് വിലയിരുത്തിയത്, . “തമാശയായി നടത്തിയെങ്കിലും അത് അപമാനിക്കാനുള്ള ശ്രമമായിരുന്നു” എന്നാണ് വിധിയിൽ പരാമർശിക്കുന്നത്. പരാതിക്കാരി അത് അപമാനകരമായി അനുഭവിച്ചതും, സാഹചര്യങ്ങൾ അതിന് വഴിവെച്ചതുമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. അതിനാൽ ഈ പരാമർശങ്ങൾ ഹരാസ്‌മെന്റായി കണക്കാക്കാവുന്നതാണെന്നും വിധിയിൽ വ്യക്തമാക്കി. എന്നാൽ വംശീയ വിവേചനം, പ്രതികാര നടപടി, വേതനവുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു. കേസ് രഹസ്യമായി സൂക്ഷിക്കണമെന്ന അപേക്ഷ പൊതുതാൽപര്യം മുൻനിർത്തി നിരസിച്ചതായും ട്രൈബ്യൂണൽ അറിയിച്ചു.











Leave a Reply