ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ മുൻ ലേബർ നേതാവായ പീറ്റർ മാൻഡെൽസൺ വീണ്ടും വിവാദത്തിൽപ്പെട്ടു. വെസ്റ്റ് ലണ്ടനിലെ നോട്ടിങ് ഹില്ലിൽ പൊതുവേദിയിൽ റോഡരികിൽ മൂത്രമൊഴിച്ചതിന് കെൻസിങ്ടൺ ആൻഡ് ചെൽസി കൗൺസിൽ അദ്ദേഹത്തിന് 300 പൗണ്ടിന്റെ പിഴ ചുമത്തി. രണ്ട് ആഴ്ചയ്ക്കകം പിഴ അടച്ചാൽ ഇത് 150 പൗണ്ടായി കുറയുമെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ശുചിത്വനിയമങ്ങൾ ലംഘിച്ചതിനുള്ള നടപടിയുടെ ഭാഗമായാണ് പിഴ നോട്ടീസ് നൽകിയത്. ഇതിനോടകം തന്നെ നിരവധി വിവാദങ്ങളിൽ ആണ് മാൻഡെൽസൻ കുടുങ്ങിയത് .

മുൻ ചാൻസലർ ജോർജ് ഓസ്ബോൺയുടെ വസതിയിൽ സന്ദർശനം കഴിഞ്ഞ് രാത്രി വൈകിയാണ് സംഭവം നടന്നത്. മടങ്ങുന്നതിനിടെ വഴിയരികിൽ നിൽക്കെ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെ അധികാരികൾ നടപടി സ്വീകരിച്ചു. എന്നാൽ മാൻഡെൽസന്റെ നിലവിലെ ഔദ്യോഗിക വിലാസം വ്യക്തമല്ലാത്തതിനാൽ നോട്ടീസ് എവിടെ എത്തിക്കണമെന്ന ആശങ്കയിലാണ് കൗൺസിൽ അധികൃതർ. ഇതോടെ നിയമനടപടികൾ മുന്നോട്ട് പോകുന്നതിൽ അനിശ്ചിതത്വവും നിലനിൽക്കുന്നു.

ഇതിനിടെ എപ്സ്റ്റീൻ ഫയൽ വിവാദവും മാൻഡെൽസനെ വിട്ടുമാറുന്നില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യ രേഖകൾ ചോർത്തിയെന്നാരോപണങ്ങൾ നേരത്തെ തന്നെ വലിയ വിവാദമുണ്ടാക്കിയിരുന്നു. മുഖം വ്യക്തമാക്കാത്ത ഒരു സ്ത്രീയോടൊപ്പം മാൻഡെൽസൻ അടിവസ്ത്രം മാത്രമണിഞ്ഞ് നിൽക്കുന്ന ചിത്രവും എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്നിരുന്നു.. പുതിയ സംഭവവും കൂടി ചേർന്നതോടെ മാൻഡെൽസനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ കൂടുതൽ ശക്തമാകുകയാണ്.











Leave a Reply