ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക വർധിക്കുന്നതായി എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ സംഘർഷം നീണ്ടുനിന്നാൽ അതിന്റെ ആഘാതം ലോകമൊട്ടാകെ വ്യാപിക്കുമെന്ന ആശങ്കയാണ് ബാങ്ക് ഉന്നയിക്കുന്നത്. എണ്ണ, ലോഹങ്ങൾ, വളങ്ങൾ തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വില ഉയരുന്നത് നിർമ്മാണ ചെലവ് വർധിപ്പിക്കുകയും വ്യാപാര ബന്ധങ്ങൾ തകർക്കുകയും ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ നിക്ഷേപകരും വ്യവസായികളും പണം നിക്ഷേപിക്കുന്ന കാര്യത്തിൽ കാത്തിരിപ്പ് നിലപാട് സ്വീകരിക്കുന്നതായി ആണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ചില സമ്പന്ന നിക്ഷേപകർ ഏഷ്യൻ നഗരങ്ങളിലേക്കുള്ള മാറ്റം പോലും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെന്റ് ക്രൂഡ് വില $100 കടന്നതോടെ വിപണിയിൽ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുകയാണ് . പിന്നീട് ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുകയാണ്. FTSE 100 സൂചികയിൽ നേരിയ ഉയർച്ച ഉണ്ടായെങ്കിലും പല പ്രമുഖ കമ്പനികളും ഭാവി സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ തൊഴിൽ വിപണി മന്ദഗതിയിലാണെന്നും 2022-23 കാലത്തെ അപേക്ഷിച്ച് ശമ്പള വർധന കുറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ പുതിയ നിയമനങ്ങളിൽ സൂക്ഷ്മത പാലിക്കുകയാണെന്നും സൂചനകൾ ഉണ്ട്.

യുദ്ധത്തിന്റെ ആഘാതം ഗതാഗതത്തിലും വ്യവസായ മേഖലയിലും വ്യക്തമായി പ്രകടമാകുന്നുണ്ട് . വിമാന ഇന്ധന വില ഇരട്ടിയിലധികം ഉയർന്നതോടെ എയർലൈൻ കമ്പനികൾക്ക് ചെലവുഭാരം കൂടിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ കുടുങ്ങിയതും ചരക്കു ഗതാഗതം വൈകുന്നതും ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നുണ്ട് . പെട്രോളിയം ഉൽപ്പന്നങ്ങളിൽ ആശ്രയിക്കുന്ന വസ്ത്രനിർമ്മാണ മേഖലയിൽ ചെലവ് 10 മുതൽ 15 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രവണത തുടർന്നാൽ ഉപഭോക്താക്കൾക്ക് വിലവർധന നേരിടേണ്ടി വരുമെന്നും, ഊർജ്ജവില ഉയർച്ച മൂലം വിലക്കയറ്റം കൂടുകയും ആഗോള വളർച്ച മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.