മനോജ് ജോസഫ്
ലോകമെങ്ങും ജാതി-മത-വർഗ്ഗീയ ചിന്തകൾ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോൾ, ജാതിക്കും മതത്തിനും വർണ്ണത്തിനും മുകളിൽ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയർത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ഈസ്റ്റർ-വിഷു ഈദ് ആഘോഷത്തിൽ മേഴ്‌സിസൈഡിലെ മലയാളികൾ ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേർന്നപ്പോൾ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി.

ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് ലിവർപൂൾ കാർഡിനൽ ഹീനൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ശ്രീ. ബിജു ജോർജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മനുഷ്യർ എന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും മാനവികതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലിമയുടെ സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ഐക്യത്തിന്റെ പ്രതീകമായി വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഏഴു തിരിയിട്ട ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി ആതിര ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.

അതിമനോഹരമായി കൃഷ്ണവേഷം ധരിച്ചെത്തിയ കുട്ടികളെ വിഷുക്കണി കാണിച്ചുകൊണ്ടുള്ള ചടങ്ങ് ആഘോഷങ്ങൾക്ക് ഐശ്വര്യം പകർന്നു. തുടർന്ന് നടന്ന രാധാ-കൃഷ്ണ വേഷപ്പകർച്ച മത്സരം കാണികൾക്ക് നയനാന്ദകരമായ കാഴ്ചയായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാളിലെത്തിയ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ലിവർപൂളിലെ പ്രമുഖ ദമ്പതിമാരായ ഡോക്ടർ ജോർജ് കുരുവിളയും ഡോക്ടർ സൂസൻ കുരുവിളയും ചേർന്ന് വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്തു.

കൃഷ്ണ പ്രിയയും ടീമും (ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ) അവതരിപ്പിച്ച ആകർഷകമായ നൃത്തപ്രകടനങ്ങൾ വേദിയെ വർണ്ണാഭമാക്കി. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്ന ‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ്’ അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. ആഘോഷത്തിന്റെ ഭാഗമായി ‘കറി ചട്ടി’ ഒരുക്കിയ രണ്ട് കൂട്ടം പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഡിന്നറാണ് പങ്കെടുത്തവർക്കായി വിളമ്പിയത്. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഒപ്പിയെടുത്തത് പിജെ ഫോട്ടോഗ്രഫിയാണ്.

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിമയുടെ ഈ ഐക്യസംഗമം മേഴ്‌സിസൈഡ് മലയാളികളുടെ ചരിത്രത്തിലെ അഭിമാന നിമിഷമായി മാറി.











Leave a Reply