തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപവുമാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമർദമായും തുടർന്ന് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായും മാറാനാണ് സാധ്യത. പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് നവംബർ രണ്ടിന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളിലും യാനം മേഖലയിലും നവംബർ രണ്ട്, മൂന്ന് തീയതികളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും നവംബർ അഞ്ച് വരെ മഴ തുടർന്നേക്കും. കേരളത്തിലും മാഹിയിലും നവംബർ നാല് വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും രണ്ടിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലിന് കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.