ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രികളിൽ നടപ്പിലാക്കിയ ‘മാർത്താസ് റൂൾ’ 2024 മുതൽ 500-ലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തോന്നുന്നപ്പോൾ രോഗികളും ബന്ധുക്കളും മെഡിക്കൽ സ്റ്റാഫും നേരിട്ട് വിളിച്ച് രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം ആവശ്യപ്പെടാൻ സാധിക്കുന്നതാണ് ഈ സംവിധാനം. ഇതിലൂടെ രോഗികളുടെ നില വേഗത്തിൽ പുനഃപരിശോധിച്ച് ആവശ്യമായാൽ ചികിത്സയുടെ നിലവാരം ഉയർത്തുന്നതിനും അടിയന്തിര പരിചരണത്തിലേക്ക് മാറ്റുന്നതിനും സഹായകമാകും . ആരോഗ്യസുരക്ഷയിൽ വലിയ മുന്നേറ്റമായി ആണ് ഇത് വിലയിരുത്തപ്പെടുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024 സെപ്റ്റംബർ മുതൽ 2026 ഫെബ്രുവരി വരെ 18 മാസത്തിനിടെ 12,301 കോളുകളാണ് ഹെല്പ് ലൈനിലേയ്ക്ക് ലഭിച്ചത്. ഇതിൽ ഏകദേശം മൂന്നിൽ ഒന്ന് (4,047) കേസുകളിൽ രോഗികളുടെ ആരോഗ്യനില വഷളാകുന്നതായി തിരിച്ചറിയുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു . ഇതിന്റെ അടിസ്ഥാനത്തിൽ 524 പേരെ തീവ്രപരിചരണ വിഭാഗങ്ങളിലേക്കോ ഹൈ-ഡിപെൻഡൻസി യൂണിറ്റുകളിലേക്കോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റിയിരുന്നു . കോളുകളുടെ ഭൂരിഭാഗവും രോഗികളും അവരുടെ പരിചാരകരുമാണ് നടത്തിയതെന്നും, ഏകദേശം ആയിരത്തോളം മെഡിക്കൽ സ്റ്റാഫും ഈ സംവിധാനത്തെ ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത് ആശുപത്രികളിലെ ആശയവിനിമയത്തിനും രോഗികളുടെ സുരക്ഷയ്ക്കും കൂടുതൽ ശക്തി പകരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2021ൽ 13 -ാം വയസ്സിൽ മരണപ്പെട്ട മാർത്ത മിൽസ് എന്ന കുട്ടിയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. അവളുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ചുള്ള കുടുംബത്തിന്റെ മുന്നറിയിപ്പുകൾ ആശുപത്രി അധികൃതർ അവഗണിച്ചതാണ് മരണത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. മാതാപിതാക്കൾ നടത്തിയ നീണ്ട പ്രചാരണത്തിനൊടുവിലാണ് രോഗികൾക്ക് കൂടുതൽ അവകാശം നൽകുന്ന ഈ സംവിധാനം നിലവിൽ വന്നത്. ആശുപത്രികളിലെ അധികാരഘടന, ആശയവിനിമയ കുറവ്, ഡോക്ടർമാരെ ചോദ്യം ചെയ്യാൻ മടിക്കുന്ന സംസ്കാരം എന്നിവ മാറ്റാൻ മാർത്താസ് റൂൾ സഹായിക്കുന്നതായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.